പാതയോരങ്ങളിൽ രാത്രി നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങളിൽ നിന്ന് പണം മോഷ്ടിക്കുന്ന രണ്ടു പേർ കൊല്ലം കൊട്ടാരക്കര പൊലീസിന്റെ പിടിയിലായി. മീൻ കച്ചവടക്കാർ എന്ന രീതിയിൽ മിനി ലോറിയിൽ സഞ്ചാരിച്ചായിരുന്നു പ്രതികളുടെ കവർച്ച.
തിരുവന്തപുരം തോന്നയ്ക്കൽ മംഗലപുരം സ്വദേശികളായ സമീർ മൻസിലിൽ ബിനു , രോഹിണിയിൽ അനീഷ് എന്നിവരാണ് പിടിയിലായത്. മീൻ കച്ചവടക്കാർ എന്ന രീതിയിൽ മിനി ലോറിയിൽ സഞ്ചരിച്ചായിരുന്നു മോഷണം. ലോറി പൊലീസ് കസ്റ്റഡിയിൽ എടുത്തു. പിടിയിലായ ബിനു സമാനമായ രീതിയിൽ വാഹനങ്ങളിൽ നിന്ന് പണം മോഷ്ടിച്ചതിന് നേരത്തെയും പിടിയിലായിരുന്നു . ഇയാൾക്ക് എതിരെ ജില്ലക്ക് അകത്തും പുറത്തുമായി നാല് കേസുണ്ട്. ആഡംബര വീട്ടിൽ വാടകയ്ക്കാണ് ബിനു താമസിച്ചിരുന്നത്.
പകൽ ആഡംബര വാഹനങ്ങളിൽ യാത്രയും രാത്രി മോഷണവുമായിരുന്നു രീതി. ദീർഘദൂര യാത്രയ്ക്കിടെ വാഹനങ്ങൾ രാത്രി പാതയോരങ്ങളിൽ നിർത്തിയിടും. ഇങ്ങനെയുള്ള വാഹനങ്ങളിലാണ്
പ്രതികൾ മോഷണം നടത്തിയിരുന്നത്. കഴിഞ്ഞ തിങ്കൾ പുലർച്ചെ കൊട്ടാരക്കര ചന്തമുക്കിൽ നിന്ന് മൂന്നു വാഹനങ്ങളിൽ നിന്ന് നാലു ലക്ഷത്തോളം രൂപ മോഷണം പോയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ജില്ലയിലെയും സമീപ ജില്ലയിലെയും നൂറിലധികം സിസിടിവി ക്യാമറകൾ പരിശോധിച്ചാണ് പ്രതികളെ കണ്ടെത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.