ഒറ്റപ്പാലം റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്ന് കഞ്ചാവുമായി ഇടുക്കി സ്വദേശി അറസ്റ്റില്‍. അടിമാലി മുനിയറക്കുളങ്ങര സായൂജിനെയാണ് എക്സൈസ് സംഘം പിടികൂടിയത്.
ചാക്കിൽ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. വ്യത്യസ്ത പൊതികളിലായി പന്ത്രണ്ട് കിലോയിലധികം തൂക്കം. റെയിൽവേ സ്റ്റേഷന് സമീപം നടത്തിയ പരിശോധനക്കിടെയാണ് കഞ്ചാവ് കണ്ടെത്തിയത്. വിശാഖപട്ടണത്തു നിന്നാണ് കഞ്ചാവ് കൊണ്ടുവന്നതെന്നാണു മൊഴി. ആലുവ വരെ ട്രെയിനിൽ പോയി പിന്നീട് അടിമാലിയിലേക്ക് കൊണ്ടുപോകാനായിരുന്നു പദ്ധതി.
ആർപിഎഫ് പരിശോധന കണ്ടാണ് ഒറ്റപ്പാലത്ത് ട്രെയിൻ ഇറങ്ങിയത്. ഇതിനു പിന്നാലെ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ വിപിൻദാസും സംഘവും ഇയാളെ അറസ്റ്റ് ചെയ്തു. ഇടുക്കിയിൽ ഇയാളെ മുമ്പും കഞ്ചാവുമായി പിടികൂടിയിട്ടുണ്ടെന്ന് ഒറ്റപ്പാലം എക്സൈസ് അധികൃതർ അറിയിച്ചു.