മുൻവൈരാഗ്യത്തെത്തുടർന്ന് ചേർത്തല വാരനാട് വീടുകയറി ആക്രമണം. ആക്രമണത്തിൽ സ്ത്രീയും മക്കളും ഉള്‍പ്പെടെ നാലുപേർക്കും ആക്രമിക്കാൻ എത്തിയ സംഘത്തിലെ രണ്ടുപേർക്കും പരുക്കേറ്റു. പരുക്കേറ്റവരെ കോട്ടയം, ആലപ്പുഴ  മെഡിക്കൽ കോളേജ് ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

ഉച്ചയ്ക്ക് മൂന്നു മണിയോടെയായിരുന്നു ആക്രമണം. വാരനാട് പിഷാരത്ത് ആനന്ദവല്ലിയുടെ മക്കളായ സുധിരാജ്, ആനന്ദരാജ്, അജയ് രാജ്, എന്നിവർക്കാണ് വെട്ടേറ്റത്. ഇരുചക്ര വാഹനത്തിലെത്തിയ ആക്രമിസംഘം വീട്ടിൽ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന അജയരാജിനെ വടിവാള്‍ കൊണ്ട് വെട്ടി. തടയാൻ എത്തിയ അമ്മ ആനന്ദവല്ലിയെയും മറ്റ് സഹോദരങ്ങളേയും ആക്രമിച്ചു. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ അക്രമി സംഘത്തിലെ അഭിമന്യു, അനീഷ് എന്നിവര്‍ക്കും പരുക്കേറ്റു.  ‌‌‌

ആക്രമിക്കാനെത്തിയ രണ്ടുപേരെയും സുധിരാജും, ആനന്ദരാജു ചേർന്ന് വീട്ടിൽ പൂട്ടിയിടുകയും ചെയ്തു. പൊലീസ് എത്തിയാണ് ഇവരെ ഇവിടെ നിന്ന് മാറ്റിയത്. മുൻ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന്  പൊലീസ് പറയുന്നു. അക്രമിസംഘത്തിലുണ്ടായിരുന്ന അഭിമന്യുവിനെ സുധിരാജും സുഹൃത്തുക്കളും ചേർന്ന് രാവിലെ മർദ്ദിച്ചിരുന്നു. ഇതിനെ തുടർന്നാണ് അഭിമന്യുവിന്‍റെ നേതൃത്വത്തില്‍ വീടുകയറി ആക്രമിച്ചതെന്ന് ചേർത്തല പൊലീസ് പറഞ്ഞു.  

പരുക്കേറ്റ ആനന്ദവല്ലി, സുധീരാജ്, ആനന്ദരാജ്, അജയ് രാജ് എന്നിവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും അഭിമന്യു, അനീഷ് എന്നിവരെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ENGLISH SUMMARY:

In Vaarnad, Cherthala, a house invasion and attack occurred due to previous enmity. In the incident, a woman and her children, along with two members of the group responsible for the attack, were injured. The injured have been admitted to the Kottayam and Alappuzha Medical College Hospitals.