police-fire

TOPICS COVERED

ചെന്നൈയില്‍ പൊലീസുകാരെ ആക്രമിച്ച് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഗുണ്ടയെ  വെടിവച്ച് പിടികൂടി. സബ് ഇന്‍സ്പെക്ടര്‍ കലൈസെല്‍വിയാണ്  അതിസാഹസികമായി ഗുണ്ട രോഹിത് രാജിനെ പിടികൂടിയത്. മൂന്ന് കൊലപാതകക്കേസുകളടക്കം 14 കേസുകളാണ് ഇയാള്‍‍ക്കെതിരെ നിലവിലുള്ളത്. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

 

അതിസാഹസികമായാണ് നഗരത്തിലെ പ്രധാന ഗുണ്ടകളിലൊരാളായ രോഹിത് രാജിനെ പൊലീസ് പിടികൂടിയത്. ഗുണ്ടാത്തലവന്‍മാരായ മൈലാപ്പൂര്‍ ശിവകുമാര്‍, തീച്ചട്ടി മുരുകന്‍, അറുമുഖം എന്നിവരെ കൊന്ന കേസിലെ മുഖ്യപ്രതിയാണ് ഇയാള്‍ . കില്‍പോക്കിലെ സെമിത്തേരിക്ക് സമീപം രോഹിത്ത് ഒളിവിലുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് സബ് ഇന്‍സ്പക്ടര്‍ കലൈസെല്‍വിയുടെ നേതൃത്വത്തിലുള്ള സംഘം ഇയാളെ പിടികൂടാനിറങ്ങിയത്.

പൊലീസ് വളഞ്ഞതോടെ രക്ഷപ്പെടാനായി ബിയര്‍ കുപ്പി പൊട്ടിച്ച് ഹെഡ് കോണ്‍സ്റ്റബിള്‍മാരായ ശരവണകുമാറിനേയും പ്രദീപിനേയും ആക്രമിക്കുകയും ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്തു. ഇതോടെ സബ് ഇന്‍സ്പെക്ടര്‍ പ്രതിയുടെ കാലില്‍ വെടിവച്ച് വീഴ്ത്തുകയായിരുന്നു. വെടിയേറ്റ പ്രതിയും പരുക്കേറ്റ പൊലീസുകാരും കില്‍പോക്ക് ഗവണ്‍മെന്റ് ആശുപത്രിയില്‍ ചികില്‍സയിലാണ്. അതിസാഹസികമായി പ്രതിയെ കീഴ്പ്പെടുത്തിയ സബ് ഇന്‍സ്പെക്ടറെ സിറ്റി പൊലീസ് കമ്മിഷണര്‍ എ.അരുണ്‍ അഭിനന്ദിച്ചു.