കൊല്‍ക്കത്ത ആര്‍.ജി. കര്‍ മെഡിക്കല്‍കോളജിലെ റസിഡന്‍റ് ഡോക്ടറുടെ കൊലപാതകം ക്രൂര പീഡനത്തിനുശേഷമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. സ്വകാര്യ ഭാഗങ്ങളിലടക്കം ശരീരത്തിലുടനീളം മാരകമായ മുറിവുകളുണ്ട്. സംഭവത്തില്‍ പ്രതിഷേധിച്ചി റസിഡന്‌റ് ഡോക്ടര്‍മാര്‍ രാജ്യവ്യാപക സമരത്തിലാണ്. ഡോക്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ എന്ത് സുരക്ഷയാണ് നല്‍കുന്നതെന്ന് കൊല്‍ക്കത്ത ഹൈക്കോടതി ചോദിച്ചു.
അതിക്രൂരമായ പീഡനം, ശരീരത്തില്‍ മുറിവേല്‍ക്കാത്ത ഭാഗങ്ങളില്ലെന്നാണ് കൊല്ലപ്പെട്ട റസിഡന്‍റ് ഡോക്ടറുടെ പൊസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. രണ്ട് കണ്ണുകളിൽനിന്നും വായിൽ നിന്നും രക്തസ്രാവമുണ്ടായി, സ്വകാര്യ ഭാഗങ്ങളിൽനിന്നും രക്തം വാര്‍ന്നു തുടങ്ങി ഒട്ടേറെ മുറിവുകളേറ്റെന്ന് റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു. ലൈംഗികമായി പീഡനത്തിനുശേഷമാണ് കൊലപാതകമെന്ന് പോസ്റ്റ്‌മോർട്ടം പ്രാഥമിക റിപ്പോർട്ടിൽതന്നെ സൂചിപ്പിച്ചിരുന്നു. കേസില്‍ അറസ്റ്റിലായ പ്രതി സഞ്ജോയ് റോയ് മര്‍ദ്ദിച്ചപ്പോള്‍ കണ്ണട പൊട്ടി ചില്ലുകൾ തുളച്ചുകയറിയാണ് കണ്ണിൽനിന്ന് ക്തസ്രാവമുണ്ടായതെന്നാണ് നിഗമനം.
കോലപാതകം കേന്ദ്ര ഏജന്‍സി അന്വേഷിക്കണം, വിദ്യാര്‍ഥിനിയുടെ കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് റസിഡന്‌റ് ഡോക്ടര്‍മാര്‍ രാജ്യവ്യാപക സമരം തുടരുകയാണ്. ഡല്‍ഹിയിലും മുംബൈയിലുമുള്‍പ്പെടെ ഡോക്ടര്‍മാരും മെഡിക്കല്‍ വിദ്യാര്‍ഥികളും സമരത്തില്‍ പങ്കെടുത്തു. ഇന്നലെ കേന്ദ്ര ആരോഗ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ അനുകൂല നിലപാടുണ്ടായില്ലെന്നും ആവശ്യങ്ങള്‍ പൂര്‍ണമായും അംഗീകരിക്കുംവരെ സമരം തുടരുമെന്നുമാണ് ഡോക്ടര്‍മാരുടെ നിലപാട്. സുരക്ഷാ വീഴ്ച അന്വേഷിക്കണമെന്നും ഡോക്ടര്‍മാരുടെ സുരക്ഷ ഉറപ്പാക്കണം എന്നും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ജെ.പി.നഡ്ഡയ്ക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.