അസ്വാഭാവിക മരണമുണ്ടായാല്‍ പോസ്റ്റുമോര്‍ട്ടത്തിനായി അട്ടപ്പാടിക്കാര്‍ക്ക് ചുരമിറങ്ങേണ്ടി വന്നിരുന്ന സാഹചര്യം മാറുന്നു. അഗളി സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ പൊലീസ് സര്‍ജനെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും നിരന്തര ആവശ്യത്തിനൊടുവിലാണ് തീരുമാനം.
അപ്രതീക്ഷിത മരണം. കരഞ്ഞ് കലങ്ങിയ കണ്ണുമായി ഉറ്റവരുടെ മൃതദേഹവും കാത്ത് ഏറെ നേരം. മൃതദേഹം സംസ്ക്കരിക്കാന്‍ വൈകുന്നതും പതിവ്. പാലക്കാട് ജില്ലാ ആശുപത്രി അല്ലെങ്കില്‍ തൃശൂര്‍ മെഡിക്കല്‍ കോളജിനെ ആശ്രയിക്കണം എന്നതായിരുന്നു സ്ഥിതി. ഇതിന് പരിഹാരമെന്ന നിലയിലാണ് അഗളി സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ പൊലീസ് സര്‍ജനെ നിയമിക്കണമെന്ന ആവശ്യം ഉയര്‍ന്നത്.
സാങ്കേതിക തടസം പറഞ്ഞ് നടപടി വൈകിയെങ്കിലും ഒടുവില്‍ സര്‍ക്കാര്‍ ഉത്തരവിറക്കി. അഗളി മൊബൈൽ മെഡിക്കൽ യൂണിറ്റ് രണ്ടിലെ അസിസ്റ്റന്റ് സർജനായ ഡോക്ടർ എസ്.എസ്.വിജിനെ പൊലീസ് സര്‍ജന്‍ തസ്തികയില്‍ നിയമിച്ചു. ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും ഏറെ നാളായുള്ള ആവശ്യത്തിന് ഒടുവില്‍ അംഗീകാരം.
പൊലീസ് സര്‍ജനില്ലെന്ന കാരണം പറഞ്ഞ് പലപ്പോഴും മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പാലക്കാട് ജില്ലാ ആശുപത്രിയിലും അല്ലെങ്കില്‍ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്കുമാണ് കൊണ്ടുപോവുന്നത്. ഇത് ബന്ധുക്കള്‍ക്കുണ്ടാക്കുന്ന പ്രയാസം വളരെക്കൂടുതലായിരുന്നു. ഇതിനാണ് മാറ്റം വരുന്നത്.
നിയമനം യാഥാര്‍ഥ്യമായതോടെ പൊലീസ് അന്വേഷണപരിധിയിലുള്ള മരണങ്ങളുടെ തുടര്‍നടപടിയും അഗളിയില്‍ പൂര്‍ത്തിയാക്കാനാവും. സ്വന്തം ഊരിലേക്ക് ഇപ്പോഴും വാഹനമെത്തുന്നതിനുള്ള വഴി തെളിയാന്‍ കാത്തിരിക്കുന്ന നിരവധി കുടുംബങ്ങള്‍ക്ക് ആശ്വാസമാവുന്ന നടപടിയെന്ന് അധികൃതര്‍.