തിരുവനന്തപുരം തകരപ്പറമ്പില്‍ ഓട്ടോറിക്ഷാ തടഞ്ഞ് യാത്രക്കാരനെ തട്ടിക്കൊണ്ടുപോയി. കാറിലെത്തിയ 8പേരടങ്ങിയ അക്രമി സംഘമാണ് യാത്രക്കാരനെ കൊണ്ടുപോയതെന്ന് ഓട്ടോറിക്ഷാ ഡ്രൈവര്‍ പറഞ്ഞു.  സ്വര്‍ണക്കടത്ത് സംഘങ്ങള്‍ക്കിടയിലെ കുടിപ്പകയാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്ന സംശയത്തിലാണ് പൊലീസ് 

ചൊവ്വാഴ്ച അര്‍ധരാത്രിയോടെ തിരുവനന്തപുരം വിമാനത്താവളത്തിന് സമീപത്തു നിന്നാണ് യുവാവ് ചാക്ക സ്വദേശി വൈശാഖിന്‍റെ ഓട്ടോറിക്ഷയില്‍ കയറിയത് .  തിരുനല്‍വേലിക്ക് പോകാനാണെന്നും നാഗര്‍കോവിലിനുള്ള ബസ് കിട്ടുന്നിടത്ത് ഇറക്കണമെന്നും ആവശ്യപ്പെട്ടു . തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡിലേക്കുള്ള യാത്രാമധ്യേ തകരപ്പറമ്പ്  ഓവര്‍ബ്രിഡ്ജിന് സമീപംവച്ച് പിന്നാലെയെത്തിയ കാര്‍ ഒട്ടോ തടഞ്ഞു. പുറത്തിറങ്ങിയവര്‍ യുവാവിനെ ബലമായി പിടിച്ചിറക്കി  കാറില്‍ കയറ്റി കൊണ്ടുപോയി. 

ഓട്ടോ ഡ്രൈവറുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വഞ്ചിയൂര്‍ പൊലീസ് കേസ് എടുത്തു . യുവാവിനെ കയറ്റിക്കൊണ്ടുപോയ തിരുവനന്തപുരം സ്വദേശിയുടെ  കാര്‍ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട് . കാര്‍ ഈ സംഘം വാടകയ്ക്ക് എടുത്തതാണെന്നും പൊലീസ് പറഞ്ഞു . എന്നാല്‍ അക്രമിസംഘത്തെകുറിച്ച് മറ്റ് സുചനകളൊന്നുമില്ല. 

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് തിരുനല്‍വേലി സ്വദേശികള്‍ മുമ്പ് പൊലീസ് പിടിയിലായിട്ടുണ്ട് . തമിഴ്നാട്ടിലെ സ്വര്‍ണക്കടത്ത് സംഘങ്ങളെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം 

ENGLISH SUMMARY:

Abducted an auto passenger in a car at Thiruvananthapuram city in the middle of the night