aleppey-newbornbaby

TOPICS COVERED

ആലപ്പുഴയിൽ നവജാത ശിശുവിൻ്റെ മൃതദേഹം കുഴിച്ചിട്ട കേസിൽ രണ്ടു പ്രതികളെ അഞ്ച് ദിവസത്തേക്ക് പൊലിസ് കസ്റ്റഡിയിൽ വിട്ടു. രണ്ടാം പ്രതി തോമസ് ജോസഫ് ഇയാളുടെ കൂട്ടാളി അശോക് ജോസഫ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത്.  കുഞ്ഞിൻ്റെ മരണം കൊലപാതകമാണോ പ്രസവത്തോടെ സംഭവിച്ചതാണോ എന്ന് വ്യക്തമാകാൻ അന്തിമ പോസ്റ്റ് മോർട്ടം റിപ്പോർട്ടിനായി പൊലിസ് കാത്തിരിക്കുകയാണ്

പ്രസവിച്ച ശേഷം കു‍ഞ്ഞിനെ പിതാവ് തോമസ് ജോസഫിനു വിഡിയോ കോളിലൂടെ ഡോണ കാണിച്ചു കൊടുത്തെന്നാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായത്. അപ്പോൾ ജീവൻ ഉണ്ടായിരുന്നെന്നാണു സൂചന. 24 മണിക്കൂറിനു ശേഷമാണു കുഞ്ഞിനെ തകഴിയിൽ പാടവരമ്പത്ത് തോമസും സുഹൃത്ത് തകഴി സ്വദേശി അശോക് ജോസഫും ചേർന്നു മറവു ചെയ്തത്. മരണം സംഭവിക്കാവുന്ന രീതിയിൽ കുഞ്ഞിനെ കൈകാര്യം ചെയ്തുവെന്ന ജാമ്യമില്ലാ കുറ്റമാണു റിമാൻഡിലുള്ള 3 പ്രതികൾക്കുമെതിരെ ചുമത്തിയിരിക്കുന്നത്.

പൂച്ചാക്കൽ സ്വദേശിനിയായ യുവതി പ്രസവിച്ച കുഞ്ഞിനെ കുഴിച്ചിട്ടത് കാമുകനായ തകഴി സ്വദേശി തോമസ് ജോസഫാണ് . ഇയാളുടെ സുഹൃത്ത് അശോക് ജോസഫാണ് സഹായി ആയി ഒപ്പമുണ്ടായിരുന്നത്. തോമസ് ജോസഫിനെയും അശോകിനെയുമാണ് പൊലിസ് കസ്റ്റഡിയിൽ വാങ്ങിയത്.ഇവരെ പൂച്ചാക്കലുള്ള യുവതിയുടെ വീട്ടിലും തകഴികുന്നുമ്മയിൽ കുഞ്ഞിനെ കുഴിച്ചിട്ട സ്ഥലത്തും എത്തിച്ച് തെളിവെടുക്കും. കുഞ്ഞിൻ്റെ മരണകാരണം വ്യക്തമാകാൻ കൂടുതൽ ചോദ്യം ചെയ്യും. 

കുഞ്ഞിൻ്റെ അമ്മയും ഒന്നാം പ്രതിയുമായ യുവതി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പൊലിസ് കാവലിൽ ചികിൽസയിൽ തുടരുകയാണ് ആരോഗ്യസ്ഥിതി മെച്ചപ്പെടുമ്പോൾ ഇവരെയും കസ്റ്റഡിയിൽ വാങ്ങാൻ പൂച്ചാക്കൽ പൊലിസ് അപേക്ഷ നൽകും. കുഞ്ഞിൻ്റെ മരണം പ്രസവത്തെ തുടർന്ന് സംഭവിച്ചതാണോ കൊലപാതകമാണോ എന്ന് വ്യക്തമാകാൻ അന്തിമ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിക്കണം. ഇതിന് ഒരാഴ്ചയോളം സമയം എടുക്കുമെന്നാണ് പൊലിസ് പറയുന്നത്. കഴിഞ്ഞ ഏഴിനാണ് യുവതി പ്രസവിച്ചത്. തുടർന്ന് രാത്രിയിൽ കുഞ്ഞിനെ കാമുകനായ യുവാവിന് കൈമാറി. പ്രസവത്തോടെ മരിച്ചുവെന്നാണ് യുവതി പൊലിസിനോട് പറഞ്ഞത്. കുഞ്ഞിൻ്റെ മൃതദേഹമാണ് കൈമാറിയത് എന്നാണ് യുവാവിൻ്റെ മൊഴി. തകഴി കുന്നുമ്മ മുട്ടിച്ചിറ ഭാഗത്തെ വിജനമായ സ്ഥലത്താണ് മൃതദേഹം കുഴിച്ചിട്ടത്.

ENGLISH SUMMARY: