അമ്മയെ കൊന്ന കേസിൽ മകളും പ്രതിശ്രുത വരനും സുഹൃത്തും അറസ്റ്റിൽ. തെക്കുപടിഞ്ഞാറൻ ഡൽഹിയിലെ നജഫ്ഗഡ് മേഖലയിലാണ് സംഭവം. നജഫ്ഗഡ് മെയിൻ മാർക്കറ്റ് ഏരിയയിൽ താമസിക്കുന്ന സുമിത്ര (58) ആണ് കൊല്ലപ്പട്ടത്. സംഭവത്തിൽ മകൾ മോണിക്ക, പ്രതിശ്രുത വരൻ നവീൻ കുമാർ, സുഹൃത്ത് യോഗേഷ് എന്നിവരാണ് അറസ്റ്റിലായത്. വെള്ളിയാഴ്ച രാത്രിയോടെ അമ്മ വിളി കേൾക്കുന്നില്ലെന്ന് പറഞ്ഞ് മോണിക്ക തന്നെയാണ് പൊലീസിനെ വിവരമറിയിക്കുന്നത്. സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പൊലീസ് പ്രതികളിലേക്ക് എത്തുന്നത്.
അമ്മ വിളിച്ചിട്ട് വാതിൽ തുറക്കുന്നില്ലെന്നും സഹായിക്കണമെന്നും ആവശ്യപ്പെട്ട് രാത്രിയാണ് പൊലീസിന് ഫോൺ കോളെത്തുന്നത്. പൊലീസ് നടത്തിയ പരിശോധനയിൽ നാലാം നിലയിലെ ഫ്ലാറ്റിലാണ് 58 കാരിയായ സുമിത്രയെ മരിച്ച നിലയിൽ കണ്ടെത്തിയത്. തലയിലും കണ്ണിലും കൈയ്യിലും പരിക്കോടെ കിടപ്പുമുറിയിലായിരുന്നു മൃതദേഹം. തലേദിവസം അമ്മയെ കണ്ടിരുന്നെന്നും പ്രശ്നങ്ങളുണ്ടായിരുന്നില്ലെന്നുമാണ് മകൾ പൊലീസിനോട് പറഞ്ഞത്.
പൊലീസ് സിസിടിവി പരിശോധനിച്ച് നടത്തിയ അന്വേഷണത്തിലാണ് കേസിന് തുമ്പുണ്ടാകുന്നത്. രാത്രി 2.18 ഓടെ സ്ത്രീയും രണ്ട് പുരുഷൻമാരും ഫ്ലാറ്റിലേക്ക് എത്തുന്നത് സിസിടിവിയിൽ പതിഞ്ഞിരുന്നു. സ്ത്രീ മോണിക്കയാണെന്ന് വ്യക്തമായ പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് നവീനിന്റെയും യോഗേഷിന്റെയും പങ്ക് വ്യക്തമായത്. ഭാരതീയ ന്യായ സൻഹിത 103 (1) വകുപ്പ് പ്രകാരം കേസെടുത്ത പൊലീസ് മൂവരുടെയും അറസ്റ്റ് രേഖപ്പെടുത്തു. സ്വത്ത് തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമികാന്വേഷണത്തിൽ വ്യക്തമായത്. അന്വേഷണം തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.