തൃശൂര്‍ പാലപ്പിള്ളിയില്‍ മാനിനെ കെട്ടിയിട്ട് വീഡിയോ ചിത്രീകരിച്ചതില്‍ മരംവെട്ടുകാര്‍ക്കെതിരെ കേസ്. പാലപ്പിള്ളിയിലെ തോട്ടത്തില്‍ റബര്‍ മരങ്ങള്‍ വെട്ടാന്‍ തിരുവനന്തപുരത്തു നിന്ന് എത്തിയ നാലു തൊഴിലാളികള്‍ക്കെതിരെയാണ് കേസ്. റബര്‍ തോട്ടത്തില്‍ എത്തിയ മാനിന്‍റെ കൈകാലുകള്‍ കെട്ടിയിട്ടാണ് വീഡിയോ ചിത്രീകരിച്ചത്. 

തോട്ടത്തില്‍ മാന്‍ വന്നപ്പോള്‍ കൗതുകത്തിനു വേണ്ടി വിഡിയോ ചിത്രീകരിക്കുകയായിരുന്നു. മാന്‍ ഓടി പോകാതിരിക്കാന്‍ കൈകാലുകള്‍ കെട്ടിയിട്ടു. വിഡിയോ സുഹൃത്തുക്കള്‍ക്കും പരിചയക്കാര്‍ക്കും അയച്ചു കൊടുത്തു. സംഭവം വൈകാതെ നംവകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുകയും ചെയ്തു.

ഓഗസ്റ്റ് ആറിനാണ് വിഡിയോ ചിത്രീകരിച്ചതെന്നാണ് വിവരം. തിരുവനന്തപുരം സ്വദേശികളായ വിനോദ്, ഷിബു, സന്തോഷ്കുമാര്‍, ഹരി എന്നിവരാണ് പ്രതികള്‍. വനംവകുപ്പ് കേസെടുത്തതോടെ നാലു പേരും സ്ഥലംവിട്ടു. ഇവരെ, കണ്ടെത്താന്‍ അന്വേഷണം തുടരുകയാണ്. മാനിനെ ഇവര്‍ വിട്ടയച്ചോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. മാനിനെ ഇങ്ങനെ കെട്ടിയിടുന്നത് വനംനിയമപ്രകാരം കുറ്റകരമാണ്. ജാമ്യമില്ലാക്കുറ്റം ചുമത്തിയാണ് കേസെടുത്തത്. പാലപ്പിള്ളി റേഞ്ച് ഓഫിസറുടെ നേതൃത്വത്തിലാണ് അന്വേഷണം.

ENGLISH SUMMARY:

Case against four for tying up a deer and filming a video in Palappilly, Thrissur.