ബാങ്ക് ഉദ്യോഗസ്ഥന്‍ മദ്യപിച്ച് ലക്കുക്കെട്ട് ഓടിച്ച കാറിടിച്ച് ഒന്‍പതു വയസുകാരി അതീവ ഗുരുതരാവസ്ഥയില്‍. കുന്നംകുളം വെള്ളിത്തിരുത്തിയിലായിരുന്നു അപകടം. ബാങ്ക് ഉദ്യോഗസ്ഥനെ കുന്നംകുളം പൊലീസ് കസ്റ്റഡിയിലെടുത്തു.
കുന്നംകുളത്തെ ബാങ്ക് ഉദ്യോഗസ്ഥനായ കടങ്ങോട് സ്വദേശി ബോബനാണ് മദ്യപിച്ച് കാറോടിച്ച് പെണ്‍കുട്ടിയെ ഇടിച്ചത്. മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിയായ പാര്‍വണ അതീവഗുരുതരാവസ്ഥയിലാണ്. വെന്‍റിലേറ്റര്‍ സഹായത്തിലാണ് ചികില്‍സ.
വഴിയരികിലൂടെ നടന്നുപോകുമ്പോഴായിരുന്നു അപകടം. കാറിടിച്ച ഉടനെ പെണ്‍കുട്ടി തെറിച്ചു വീണു. കുന്നംകുളത്ത് മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. തലയിലും കരളിലും ശ്വാസകോശത്തിലും ആന്തരികരക്തസ്രാവമുണ്ട്. ബോബനെ കയ്യോടെ പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യലഹരിയിലാണെന്ന് വൈദ്യപരിശോധനയിലും തെളിഞ്ഞു.
കുന്നംകുളം പൊലീസാണ് ബാങ്ക് ഉദ്യോഗസ്ഥനെ കസ്റ്റഡിയിലെടുത്തത്. വീടിന്‍റെ മുറ്റത്തെ സിസിടിവി കാമറയില്‍ അപകടത്തിന്‍റെ തീവ്രത വ്യക്തമാണ്. വഴിയരികിലൂടെയാണ് കുട്ടി നടന്ന് പോകുന്നത്. കാര്‍ നല്ല വേഗതയിലുമായിരുന്നു. കുട്ടിയെ ആദ്യം കുന്നംകുളത്തേയും തൃശൂരിലേയും സ്വകാര്യ ആശുപത്രികളിലേക്കാണ് കൊണ്ടുപോയത്. അതീവഗുരുതരമായതിനാല്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.