ksrtc-conductor-who-died-wh

വ‌‌ട്ടിപ്പലിശക്കാരുടെ മര്‍ദനത്തെത്തുടര്‍ന്ന് ചികില്‍സയിലിരിക്കെ മരിച്ച കെ.എസ്.ആര്‍.ടി.സി കണ്ടക്ടര്‍ക്ക് നിരന്തര ഭീഷണിയുണ്ടായിരുന്നതായി ബന്ധുക്കള്‍. വാങ്ങിയ പണത്തിന്റെ ഇരട്ടിയിലേറെ തിരിച്ച് നല്‍കിയിട്ടും ജീവിക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു ബ്ലേഡുകാരുടെ മുന്നറിയിപ്പ്. പാലക്കാട് കുളവന്‍മുക്കിലെ മനോജിന്റെ മരണത്തിന് ഉത്തരവാദികളായ മുഴുവന്‍ ആളുകളെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിക്ക് ഉള്‍പ്പെടെ പരാതി നല്‍കും. 

 

കൊടുക്കുന്തോറും ബാധ്യത ഏറുന്ന കറക്ക് വിദ്യയാണ് കുളവന്‍മുക്കിലെ ബ്ലേഡുകാര്‍ സുഹൃത്ത് കൂടിയായ മനോജിനോടും പ്രയോഗിച്ചത്. പിതാവിന്റെ സാമ്പത്തിക ബാധ്യത ഉള്‍പ്പെടെ സ്വന്തം ചുമലിലേറ്റിയ ചെറുപ്പക്കാരനെ ബ്ലേഡുകാര്‍ ചെറിയ മട്ടിലൊന്നുമല്ല ഉപദ്രവിച്ചത്. ആയിരം രൂപയുടെ അത്യാവശ്യം പിന്നീട് പതിനായിരവും ലക്ഷവുമായി ഉയര്‍ന്നപ്പോഴും പണം നല്‍കി കുരുക്ക് മുറുക്കിയ ബ്ലേഡുകാര്‍ പലിശ നല്‍കാന്‍ വൈകിയതിന്റെ പേരില്‍ ഭീഷണിയുമായി പിന്നാലെ കൂടി. അഭിമാനിയായ മനോജ് പരമാവധി തിരിച്ചടയ്ക്കാന്‍ ശ്രമിച്ചു. മീറ്റര്‍ പലിശയായതിനാല്‍ ഓരോദിവസവും കൊടുക്കാനുള്ള തുക ഏറിക്കൊണ്ടിരുന്നു. ജോലി സ്ഥലത്തെത്തിയും ഭീഷണി തുടര്‍ന്നു. വഴിയില്‍ക്കണ്ടാല്‍ മര്‍ദിക്കുമെന്ന സ്ഥിതിയെത്തി. മൊബൈല്‍ ഫോണ്‍ ഓണാക്കിയാല്‍ തെറിവിളിയും കൊല്ലുമെന്ന ഭീഷണിയും ബ്ലേഡുകാര്‍ പതിവാക്കിയിരുന്നുവെന്ന് ബന്ധുക്കള്‍.

പലിശക്കാരെ പേടിച്ച് അമ്മയെയും കൂട്ടി മനോജ് സഹോദരിയുടെ വാടക വീട്ടിലായിരുന്നു താമസം. പാലക്കാട് ജില്ലയിലെ കെ.എസ്.ആര്‍.ടി.സി കണ്ടക്ടര്‍ ജോലി തൃശൂരിലേക്ക് മാറ്റുകയും ചെയ്തു. ഇതിനിടയിലാണ് വിവിധയിടങ്ങളില്‍ വച്ച് ബ്ലേഡുകാര്‍ മനോജിനെ പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും മര്‍ദിക്കുകയും ചെയ്തത്. കുടുംബം തകര്‍ക്കുമെന്ന ഭീഷണിയുള്ളതിനാല്‍ പൊലീസില്‍ പരാതി നല്‍കാനും ധൈര്യമുണ്ടായില്ല. ഈമാസം ഒന്‍പതിനാണ് തളര്‍ന്ന് വീണ മനോജിനെ ബന്ധുക്കള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തലയ്ക്ക് ക്ഷതമേറ്റിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ വിലയിരുത്തി. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ശനിയാഴ്ച രാത്രി മനോജിന് ജീവന്‍ നഷ്ടപ്പെട്ടു. ആക്രമിച്ചവരുടെ വിവരങ്ങള്‍ ഉള്‍പ്പെടെ ചേര്‍ത്താണ് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്. ബ്ലേഡുകാരുടെ ഭീഷണിയും യുവാവിന്റെ മരണവും സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് യുവജന ക്ഷേമ ബോര്‍ഡ് അംഗം കൂടിയായ ഷെനിന്‍ മന്ദിരാടും മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കിയിട്ടുണ്ട്.