TOPICS COVERED

ഒറ്റപ്പാലത്ത് ഡോക്ടറെ വെർച്വൽ അറസ്റ്റിലായെന്നു ഭീഷണിപ്പെടുത്തി ഓൺലൈൻ വഴി പണം തട്ടിയ കേസിൽ വഴിത്തിരിവ്. അക്കൗണ്ടുകൾ മരവിപ്പിച്ച് പൊലീസ് സമർപ്പിച്ച റിപ്പോർട്ട് പരിഗണിച്ച് പണം തിരിച്ചു നൽകാൻ ഒറ്റപ്പാലം കോടതി ഉത്തരവിട്ടു. ആറ് ലക്ഷം രൂപ നഷ്ടമായ നഗരത്തിലെ ഡോക്ടറുടെ 2.98 ലക്ഷം രൂപയാണ് തിരിച്ചു നൽകാൻ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവായത്. നാഷനൽ ക്രൈം റിപ്പോർട്ടിങ് പോർട്ടലിൽ ലഭിച്ച പരാതിക്കു പിന്നാലെയാണ് പണം ആദ്യം ട്രാൻസ്ഫർ ചെയ്യപ്പെട്ട അക്കൗണ്ടും ഇവിടെ നിന്ന് ചെറുതുകളാക്കി മാറ്റപ്പെട്ട അക്കൗണ്ടുകളും മരവിപ്പിച്ചത്. അക്കൗണ്ടുകൾ മരവിപ്പിച്ചതു സംബന്ധിച്ച് എൻസിആർപിയിൽ നിന്ന് ഒറ്റപ്പാലം പൊലീസിനു വിവരം ലഭിച്ചതിനു പിന്നാലെ പണം മാറ്റപ്പെട്ട മുഴുവൻ ബാങ്കുകളിലേക്കും നിയമാനുസൃതം നോട്ടിസ് നൽകുകയായിരുന്നു. ഓൺലൈൻ തട്ടിപ്പിലൂടെ മാറ്റപ്പെട്ട തുകയാണെന്ന് ബാങ്ക് അധികൃതരെ ബോധ്യപ്പെടുത്തിയാണ് ഓരോ അക്കൗണ്ടുകളിലും എത്ര രൂപ വീതമുണ്ടെന്ന് കാണിച്ച് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്. 

ഇതു വിശദമായി പരിശോധിച്ച കോടതി പണം തിരിച്ചു നൽകാൻ ഉത്തരവിട്ടു. ഉത്തരവ് ബാങ്കുകൾക്കു കൈമാറുന്ന മുറയ്ക്ക് പണം പരാതിക്കാരന്റെ അക്കൗണ്ടിൽ തിരിച്ചെത്തും. അതേസമയം, എൻസിആർപി അക്കൗണ്ടുകൾ മരവിപ്പിക്കും മുൻപേ പണമായി പിൻവലിക്കപ്പെട്ട മൂന്ന് ലക്ഷത്തിലേറെ രൂപ തിരിച്ചുപിടിക്കാനായില്ല. തട്ടിപ്പിന് ഇരയായെന്നു ബോധ്യപ്പെട്ടയുടൻ പോർട്ടലിൽ പരാതിപ്പെട്ടതാണ് പകുതിയോളം തുക തിരിച്ചു കിട്ടാൻ സഹായകമായത്. ഇല്ലാത്ത പാഴ്സലിൻ്റെ പേരിലായിരുന്നു വീഡിയോ കോൾ വഴി തട്ടിപ്പ്. ഡോക്ടുടെ വിലാസത്തിൽ ലഹരി മരുന്ന് കുറിയർ ആയി ലഭിച്ചിട്ടുണ്ടെന്നും വെര്‍ച്വൽ അറസ്റ്റിലാണെന്നുമായിരുന്നു അന്വേഷണ ഏജൻസി ചമഞ്ഞ് വിളിച്ചവരുടെ ഭീഷണി.