സ്വന്തം അമ്മയെ കൊലപ്പെടുത്തിയതിനു ശേഷം മൃതദേഹത്തിനൊപ്പം ഫോട്ടോയെടുത്ത് സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത് യുവാവ്. നിലേഷ് ഗോസായ് എന്ന ഇരുപത്തിയൊന്നുകാരനാണ് അമ്മ ജ്യോതിബെന്‍ ഗോസായിയെ കൊലപ്പെടുത്തിയത്. നല്‍പത്തിയെട്ടു വയസ്സുകാരിയാണ് കൊല്ലപ്പെട്ടത്. ഗുജറാത്തിലെ രാജ്കോട്ടിലാണ് നാടിനെ നടുക്കിയ സംഭവം.

‘അമ്മ എന്നോട് ക്ഷമിക്കണം, ഞാന്‍ അമ്മയെ കൊലപ്പെടുത്തി. അമ്മയെ ഞാനൊരുപാട് മിസ് ചെയ്യും. ഓം ശാന്തി’ എന്ന കുറിപ്പിനൊപ്പം യുവാവ് മൃതദേഹത്തിനൊപ്പമുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു. ‘ഞാന്‍ എന്‍റെ അമ്മയെ കൊന്നു, എന്‍റെ ജീവിതം തന്നെ ഇല്ലാതായി. അമ്മ എന്നോട് ക്ഷമിക്കണം. ഞാന്‍ അമ്മയെ മിസ് ചെയ്യും. ഓം ശാന്തി’ എന്ന് മറ്റൊരു പോസ്റ്റും ഇയാള്‍ പങ്കുവച്ചു. സമീപവാസി അറിയിച്ച വിവരത്തെ തുടര്‍ന്നാണ് പൊലീസ് സംഭവസ്ഥലത്തെത്തിയത്.

ആദ്യം കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്താനാണ് ശ്രമിച്ചത്. എന്നാല്‍ അമ്മ അത് തടുത്തു. പിന്നീട് പുതപ്പ് കൊണ്ട് ശ്വാസം മുട്ടിച്ചാണ് കൊല നടത്തിയതെന്ന് പ്രതി പൊലീസിന് മൊഴി നല്‍കി. മാനസികമായ ചില പ്രശ്നങ്ങളുള്ളയാളായിരുന്നു ജ്യോതിബെന്‍ എന്നാണ് വിവരം. മകനുമായി സ്ഥിരം വഴക്കും അടിപിടിയുമുണ്ടായിരുന്നു. സംഭവദിവസം ഇത്തരത്തിലൊരു തര്‍ക്കമുണ്ടാകുകയും അത് കൊലപാതകത്തില്‍ കലാശിക്കുകയുമായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

ഇരുപത് വര്‍ഷങ്ങള്‍ക്കു മുന്‍പ് ഭര്‍ത്താവുമായി ബന്ധം വേര്‍പ്പെടുത്തി നിലേഷുമായി താമസിച്ചുവരികയായിരുന്നു ജ്യോതിബെന്‍. മറ്റു മക്കളെ ഭര്‍ത്താവ് കൊണ്ടുപോയി. ഇവരുമായി അത്ര അടുപ്പത്തിലായിരുന്നില്ല ഇരുവരും. ഇതിനിടെ മാനസികമായ ചില പ്രശ്നങ്ങള്‍ ജ്യോതിബെനിനെ ബാധിച്ചു. ചികിത്സ തുടരുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ ഒരു മാസത്തോളമായി ഇവര്‍ മരുന്നുകള്‍ കൃത്യമായി കഴിച്ചിരുന്നില്ല എന്നാണ് വിവരം.

മരുന്ന് കഴിക്കാതിരുന്നത് ജ്യോതിബെനിന്‍റെ മാനസിക നില കൂടുതല്‍ വഷളാക്കി. ജ്യോതിബെനിന്‍റെ മുന്‍ ഭര്‍ത്താവും മറ്റ് മക്കളും ഇവരുടെ മൃതദേഹം ഏറ്റുവാങ്ങാന്‍ വിസമ്മതിച്ചു. അന്തിമ കര്‍മങ്ങള്‍ പൊലീസ് ഇടപെട്ട് ചെയ്യട്ടെ എന്നാണ് ഇവരുടെ നിലപാട്. നിലേഷ് നിലവില്‍ പൊലീസ് കസ്റ്റഡിയിലാണ്.

ENGLISH SUMMARY:

A 21-year-old man was arrested in Gujarat's Rajkot for allegedly murdering his mother and later posting a picture with her dead body on Instagram.