lady-theif1

TOPICS COVERED

മരണവീട്ടില്‍ ബന്ധുവെന്ന വ്യാജേനയെത്തി സ്വര്‍ണവും പണവും കവരുന്ന യുവതി കൊച്ചിയില്‍ അറസ്റ്റില്‍. കൊല്ലം സ്വദേശിനി റിന്‍സി ഡേവിഡിനെയാണ് പതിനാല് പവന്‍ സ്വര്‍ണം മോഷ്ടിച്ച കേസില്‍ എളമക്കര പൊലീസ് അറസ്റ്റ് ചെയ്തത്. സമാനമായ മോഷണക്കേസില്‍ റിന്‍സിയെ പെരുമ്പാവൂര്‍ പൊലീസും കഴിഞ്ഞ ആഴ്ച അറസ്റ്റ് ചെയ്തിരുന്നു.

 

കൊച്ചി പുതുക്കലവട്ടത്തെ മരണവീട്ടില്‍ മെയ് ആറിനായിരുന്നു റിന്‍സിയുടെ ആദ്യ മോഷണം. നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ച പുതുക്കലവട്ടം സ്വദേശിയുടെ മരണവാര്‍ത്ത റിന്‍സി അറിഞ്ഞത് പത്രവാര്‍ത്തയിലൂടെ. വൈറ്റിലയിലെ ബന്ധുവീട്ടില്‍ താമസിച്ചിരുന്ന റിന്‍സി ഓട്ടോയില്‍ ആദ്യം സംസ്കാരം നടക്കുന്ന പള്ളിയിലെത്തി. ഇവിടെ നിന്ന് മരിച്ചയാളുടെ വീട് ചോദിച്ചറിഞ്ഞ് അവിടേക്കും. മൃതദേഹം എത്തിക്കും മുന്‍പേ വീട്ടിലെത്തിയ റിന്‍സി വീട്ടുകാരിയെന്ന വ്യാജേന അഭിനയിച്ചു. ഒരു കുളിയും പാസാക്കിയ ശേഷം മുറികള്‍ അരിച്ചുപെറുക്കി. ഈ തിരച്ചിലിലാണ് അലമാരകളില്‍ ഒന്നില്‍ സൂക്ഷിച്ചിരുന്ന പതിനാല് പവന്‍ റിന്‍സി മോഷ്ടിക്കുന്നത്. സ്വര്‍ണം കൈവശപ്പെടുത്തിയ ശേഷം ഒന്നരമണിക്കൂറിലേറെ റിന്‍സി ഇതേ വീട്ടില്‍ തുടര്‍ന്നു. മൃതദേഹം വീട്ടിലെത്തിച്ചതിന് പിന്നാലെ പുറകിലൂടെ കടന്നുകളഞ്ഞു.

മരണവീട്ടില്‍ നിന്ന് മോഷണം നടത്തികടന്ന റിന്‍സിയെ പെരുമ്പാവൂര്‍ പൊലീസ് പിടികൂടിയതാണ് വഴിത്തിരിവായത്. സംശയം തോന്നിയ എളമക്കര പൊലീസ് റിന്‍സിയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തതോടെ വിദഗ്ധമായി നടപ്പിലാക്കിയ മോഷണത്തിന്‍റെ ചുരുളഴിഞ്ഞു. കൊച്ചിയിലെ മോഷണം വിജയിച്ചതോടെ ഒരുമാസത്തിന് ശേഷമായിരുന്നു പെരുമ്പാവൂരിലെ മോഷണം. കൊച്ചിയില്‍ നിന്ന് മോഷ്ടിച്ച സ്വര്‍ണം കൊല്ലത്തെ സ്വര്‍ണവ്യാപാരിക്ക് എട്ട് ലക്ഷത്തിന് വില്‍പന നടത്തി. ഈ തുകയുമായി വിദേശപര്യടനം പൂര്‍ത്തിയാക്കിയ ശേഷമായിരുന്നു പെരുമ്പാവൂരിലെ മോഷണം. മോഷണത്തിന്‍റെ മറ്റാരുടെയെങ്കിലും സഹായം ലഭിച്ചതുള്‍പ്പെടെ പൊലീസ് പരിശോധിക്കുകയാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.