TOPICS COVERED

പട്ടാമ്പി ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്നും ഒരു കിലോയിലേറെ കഞ്ചാവും അര ഗ്രാമിനോടടുത്ത് ബ്രൗണ്‍ ഷുഗറുമായി യുവാവ് അറസ്റ്റില്‍. ബംഗാളുകാരന്‍ നൂറുല്‍ ഇസ്സാമിനെയാണ് പ‌ട്ടാമ്പി പൊലീസ് പിടികൂടിയത്. ലഹരി മാഫിയാ സംഘങ്ങൾക്കെതിരെ ഓപ്പറേഷൻ ഡി ഹണ്ട് എന്ന പേരിൽ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രത്യേക പരിശോധനയിലാണ് പ്രതി പിടിയിലായത്. ചെറുപൊതികളിലാക്കി വില്‍പ്പനക്കായി സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. 

പട്ടാമ്പി മേഖലയിലെ വിവിധ സ്കൂള്‍, കോളജ് വിദ്യാര്‍ഥികളെ ലക്ഷ്യമിട്ടായിരുന്നു ഇടപാട‌െന്നാണ് പൊലീസ് നിഗമനം. ഇയാളുടെ ഫോണില്‍ നിന്നും പതിവായി ലഹരി ആവശ്യപ്പെടുന്നവര്‍ എന്ന് കരുതുന്ന ചിലരുടെ ഫോണ്‍വിളി രേഖകള്‍ ലഭിച്ചിട്ടുണ്ട്. ഇതും പൊലീസ് വിശദമായി പരിശോധിക്കുന്നുണ്ട്. നൂറൂല്‍ ഇസ്ലാമിനെയും കൊണ്ട് ഇയാള്‍ താമസിച്ചിരുന്ന പെരിന്തൽമണ്ണയിലുള്ള വാടക വീട്ടിലെത്തി പൊലീസ് പരിശോധിച്ചു. 

ഇതര സംസ്ഥാനങ്ങളില്‍ നിന്നും കൊണ്ടുവരുന്ന ലഹരി സുരക്ഷിത ഇടങ്ങളില്‍ സൂക്ഷിച്ച് പതിവുകാര്‍ക്ക് കൈമാറുന്നതാണ് രീതിയെന്ന് ഇയാള്‍ പൊലീസിനോട് സമ്മതിച്ചുണ്ട്. കഴിഞ്ഞ രണ്ട് മാസത്തിനിടെ പട്ടാമ്പി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ മാത്രം ലഹരി ഇടപാടും വില്‍പ്പനയുമായി ബന്ധപ്പെട്ട് 70 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.