ആരാധകനെ കൊന്ന കേസില്‍ അറസ്റ്റിലായ നടി പവിത്ര ഗൗഡയുടെ ജാമ്യാപേക്ഷ ബെംഗളൂരു സെഷന്‍സ് കോടതി തള്ളി. സ്ത്രീയെന്ന പരിഗണന നല്‍കി ജാമ്യം നല്‍കണം എന്നായിരുന്നു പവിത്ര കോടതിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ കുറ്റകൃത്യത്തിന്റെ തീവ്രത കണക്കിലെടുത്ത് ജാമ്യം നല്‍കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. നടന്‍ ദര്‍ശന്‍ തൊഗുദീപയ്ക്കൊപ്പമാണ് പവിത്ര അറസ്റ്റിലായിരുന്നത്.
രേണുകസ്വാമി കൊലക്കേസില്‍ ഒന്നാം പ്രതിയാണ് പവിത്ര. കുറ്റകൃത്യം നടന്ന സ്ഥലത്ത് രേണുകയുടെ സാന്നിധ്യം സ്ഥിരീകരിച്ച രണ്ട് സാക്ഷികള്‍ ഉണ്ടെന്ന് ജാമ്യ ഹര്‍ജി തള്ളിക്കൊണ്ട് കോടതി ചൂണ്ടിക്കാണിച്ചു. പവിത്രയുടെ വസ്ത്രത്തില്‍ നിന്ന് ലഭിച്ച ഡിഎന്‍എ സാംപിള്‍, സിസിടിവി ദൃശ്യങ്ങള്‍ എന്നിവയും ശക്തമായ തെളിവുകളാണെന്ന് കോടതി വ്യക്തമാക്കി.
കേസില്‍ ഏഴാം പ്രതിയായ അനുകുമാറിന്റെ ജാമ്യഹര്‍ജിയും കോടതി തള്ളി. ചിത്രദുര്‍ഗ സ്വദേശിയും ഫര്‍മസി ജീവനക്കാരനുമായ രേണുകസ്വാമി (37)യെ തലയ്ക്കടിച്ച് കൊലപ്പെടുത്തി എന്നാണ് കേസ്. തലയ്ക്കടിച്ച് കൊലപ്പെടുത്തിയതിന് ശേഷം കനാലില്‍ തള്ളുകയായിരുന്നു. ജൂണ്‍ എട്ടിനാണ് സംഭവം.
ദര്‍ശനുമായുള്ള പവിത്രയുടെ ബന്ധത്തെ ചോദ്യം ചെയ്ത് രേണുകസ്വാമി സന്ദേശം അയച്ചു. തുടര്‍ന്ന് ഫാന്‍സ് അസോസിയേഷന്റെ സഹായത്തോടെ കൊലപാതകം നടത്തി എന്നാണ് പൊലീസ് പറയുന്നത്. പവിത്രയും ദര്‍ശനും ഉള്‍പ്പെടെ 16 പേരാണ് കേസില്‍ അറസ്റ്റിലായിരിക്കുന്നത്.