പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

മകനും മകള്‍ക്കും ചോദ്യങ്ങള്‍ ചോര്‍ത്തി നല്‍കിയ കേസില്‍ മുന്‍ പി.എസ്.സി അംഗം അറസ്റ്റില്‍. രാജസ്ഥാന്‍ പബ്ലിക് സര്‍വീസ് കമ്മിഷനിലെ ഉദ്യോഗസ്ഥനായിരുന്നു രാമു റാം റെയ്കയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 2021 ല്‍ നടന്ന എസ്.ഐ പരീക്ഷയുടെ ചോദ്യങ്ങളാണ് രാമു തന്‍റെ മകള്‍ക്കും മകനും ചോര്‍ത്തി നല്‍കിയത്. 

രാമുവിന് പുറമെ മക്കളായ ശോഭ റെയ്ക(26) മകന്‍ ദാവേഷ് റെയ്​ക (27), ഇവര്‍ക്കൊപ്പം പരീക്ഷ ജയിച്ച മഞ്ജുദേവി, അവിനാശ്, വിജേന്ദ്രകുമാര്‍ എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തു. ശോഭ എസ്.ഐ പരീക്ഷയില്‍ ഹിന്ദിക്ക് 189 മാര്‍ക്കും, പൊതുവിജ്ഞാനത്തിന് 155 മാര്‍ക്കുമാണ് നേടിയിരുന്നത്. എന്നാല്‍ പുനഃപരീക്ഷ നടത്തിയപ്പോള്‍ ഹിന്ദിക്ക് 24 മാര്‍ക്കും പൊതുവിജ്ഞാനത്തിന് 34 മാര്‍ക്കും മാത്രമേ നേടാനായുള്ളൂ.  

ആദ്യപരീക്ഷയില്‍ ശോഭയ്ക്ക് അഞ്ചാം റാങ്കും സഹോദരന്‍ ദാവേഷിന് 40–ാം റാങ്കുമാണ് പരീക്ഷയില്‍ ലഭിച്ചിരുന്നത്. രാമു പി.എസ്.സി അംഗമായിരിക്കെ ഇരുവരും റാങ്ക് പട്ടികയില്‍ ഇടംപിടിച്ചതിന് പിന്നില്‍ ക്രമക്കേട് ഉണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു. 2022 ല്‍ ടീച്ചര്‍മാരുടെ ചോദ്യപേപ്പര്‍ ചോര്‍ത്തിയ കേസില്‍ അറസ്റ്റിലായ പി.എസ്.സി അംഗം ബാബുലാല്‍ കട്ടാര ശോഭയുടെ ഇന്‍റര്‍വ്യൂ പാനലിലുണ്ടായിരുന്നതും ക്രമക്കേട് സ്ഥിരീകരിക്കാന്‍ കാരണമായി. 

2018 മുതല്‍ 2022 വരെയായിരുന്നു രാമു രാജസ്ഥാന്‍ പി.എസ്.സി അംഗമായിരുന്നത്. 2022 ലെ സീനിയര്‍ ടീച്ചര്‍ പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതിന് പിന്നാലെയാണ് പരീക്ഷാഫലങ്ങളും നിയമനങ്ങളും കടുത്ത പരിശോധനയ്ക്ക് വിധേയമാക്കിയത്.  ക്രമക്കേടുകളില്‍ കടുത്ത നടപടി സ്വീകരിക്കുമെന്നും ഭാവിയില്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും പൊലീസും ആര്‍.പി.എസ്.സിയും വ്യക്തമാക്കി. 

ENGLISH SUMMARY:

Rajasthan police arrested former Rajasthan Public Service Commission (RPSC) member Ramu Ram Raika for allegedly providing a leaked question paper of the 2021 sub-inspector recruitment exam to his daughter and son.