arya-arrest

TOPICS COVERED

മാരക രാസലഹരിയായ എംഡിഎംഎയുമായി കൊല്ലത്ത് യുവാവിനെയും യുവതിയെയും പൊലീസ് പിടികൂടി. കൊച്ചിയില്‍ ലഹരികടത്തു കേസില്‍ പ്രതിയായ യുവതിയുടെ നേതൃത്വത്തിലായിരുന്നു കൊല്ലത്തേക്ക് ലഹരികടത്ത്

 

കൊല്ലം നഗരത്തില്‍ മാടന്‍നടയില്‍ പുത്തൻ നഗർ 197 ല്‍ താമസിക്കുന്ന മുപ്പത്തിയഞ്ചു വയസുളള റെജി, കൊച്ചി പെരുമ്പളളി സ്വദേശിനി ചെല്ലാട്ട് വീട്ടില്‍ ഇരുപത്തിയാറു വയസുളള ആര്യ എന്നിവരാണ് എംഡിഎംഎയുമായി പൊലീസിന്റെ വലയിലായത്. കൊച്ചിയില്‍ നിന്ന് താല്‍ക്കാലിക റജിസ്ട്രേഷന്‍ നമ്പര്‍ പതിപ്പിച്ച കാറില്‍ കൊല്ലത്തേക്ക് വരികയായിരുന്നു പ്രതികള്‍. കാവനാട് വെളളയിട്ടമ്പലം ഭാഗത്തുവച്ച് സിറ്റി പൊലീസിന്റെ ഡാന്‍സാഫ് സംഘവും വെസ്റ്റ് പൊലീസും ചേര്‍ന്ന് വാഹനം പരിശോധിച്ചു. നാല്‍പത്തിയാറു ഗ്രാം എം‍ഡിഎംഎ പ്രതികളില്‍ നിന്ന് കണ്ടെടുത്തു.

കൊച്ചിയില്‍ എംഡിഎംഎ കേസില്‍ പ്രതിയാണ് ആര്യയെന്ന് വെസ്റ്റ് പൊലീസ് പറഞ്ഞു. ആര്യയുടെ നേതൃത്വത്തിലുളള വന്‍ സംഘം ലഹരികടത്ത് തുടങ്ങിയതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ആര്യയുടെയും റെജിയുടെയും മൊബൈല്‍ഫോണുകള്‍ ഉള്‍പ്പെടെ പരിശോധിച്ച് പൊലീസ് അന്വേഷണം തുടരുകയാണ്.