ബെംഗളൂരുവില്‍ വനിതാ യാത്രികയെ മര്‍ദിച്ച ഓട്ടോ ഡ്രൈവറെ അറസ്റ്റ് ചെയ്തു. മുത്തുരാജ് എന്ന ഡ്രൈവറെയാണ് ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് യുവതിയും സുഹൃത്തും കൂടി രണ്ട് ഓല ടാക്സി ബുക്ക് ചെയ്തത്. ഒരു ടാക്സി ആദ്യം വന്നതിനാല്‍ മറ്റേ ടാക്സി ഇവര്‍ കാന്‍സല്‍ ചെയ്തു. എന്നാല്‍ കാന്‍സര്‍ ചെയ്ത ടാക്സി ഡ്രൈവര്‍ ഇവരുടെ ഓട്ടോ പിന്തുടരുകയും തടഞ്ഞു നിര്‍ത്തി മര്‍ദിക്കുകയുമായിരുന്നു. 

യാത്ര കാന്‍സല്‍ ആക്കിയതാണ് ടാക്സി ഡ്രൈവറായ മുത്തുവിനെ പ്രകോപിപ്പിച്ചത്. മുത്തുരാജ് യുവതിയെ ശാരീരികമായി ഉപദ്രവിക്കുകയായിരുന്നു. ഇതിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. പിന്നാലെയാണ് പൊലീസ് കേസെടുത്ത് മുത്തുരാജിനെ അറസ്റ്റ് ചെയ്തത്. കേസിന്‍റെ ഗൗരവമനുസരിച്ചുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ബെംഗളൂരു ഡെപ്യൂട്ടി കമ്മീഷണര്‍ എക്‌സിലൂടെ വ്യക്തമാക്കി.

നിതിയെന്ന യുവതിയെയാണ് മുത്തുരാജ് ഉപദ്രവിച്ചത്. ഇയാള്‍ തന്നെ ഉപദ്രവിക്കുന്ന വീഡിയോ നിതി തന്നെ എക്‌സിലൂടെ പങ്കുവെക്കുകയായിരുന്നു. നിതിയോട് മുത്തുരാജ് മോശമായി പെരുമാറുന്നത് വീഡിയോയില്‍ കാണാം. 'റൈഡ് ക്യാന്‍സല്‍ ചെയ്തതിന്‍റെ പേരില്‍ ബെംഗളൂരുവില്‍ വെച്ച് ശാരീരികമായുള്ള ഉപദ്രവും മോശമായ പെരുമാറ്റവും ഓട്ടോ ഡ്രൈവറില്‍ നിന്നും എനിക്ക് നേരിടേണ്ടി വന്നു. ഇത് റിപ്പോര്‍ട്ട് ചെയ്തിട്ടും പ്രതികരണങ്ങളൊന്നും ലഭിച്ചില്ല. ഇതില്‍ ഉടനടി നടപടി ആവശ്യമാണ്,' എന്നാണ് ഓലയെയും ബെംഗളൂരു പൊലീസിനെയും ടാഗ് ചെയ്തുകൊണ്ട് നിതി എക്‌സില്‍ കുറിച്ചത്.

മുത്തുരാജ് തന്‍റെ ഫോണ്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചതോടെ സ്ഥിതിഗതികള്‍ കൂടുതല്‍ മോശമാകുകയായിരുന്നുവെന്നും നിതി കൂട്ടിച്ചേര്‍ത്തു. മുത്തുരാജ് തന്നെ മര്‍ദിക്കുന്നത് കണ്ടിട്ടും അവിടെ ഉണ്ടായിരുന്നവരോ താന്‍ കയറിയ ഓട്ടോയിലെ ഡ്രൈവറോ പ്രശ്നത്തില്‍ ഇടപെട്ടില്ലെന്നും തനിക്കെതിരെയുള്ള ഭീഷണി അദ്ദേഹം തുടര്‍ന്നതായും യുവതി കൂട്ടിച്ചേര്‍ത്തു. ഭാവിയില്‍ ഇത്തരം പ്രശ്നങ്ങള്‍ ഇനിയും ഉണ്ടാകാതെയിരിക്കാന്‍ ഓട്ടോ ഡ്രൈവര്‍മാര്‍ക്കും ആപ്പുകള്‍ക്കുമെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നുള്ള ആവശ്യവും പലരും മുന്നോട്ട് വെച്ചതിന് പിന്നാലെയാണ് പൊലീസ് നടപടി. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു വരികയാണ്.