akhil-murder

TOPICS COVERED

ഇടുക്കി പീരുമേട്ടിൽ ദുരൂഹ സാഹചര്യത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത് കൊലപാതകമെന്ന് തെളിഞ്ഞു. പീരുമേട് പ്ലാക്കത്തടം സ്വദേശി അഖിൽ ബാബുവിനെയാണ് വീടിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്. അഖിലിന്റെ സഹോദരൻ അജിത്ത് അമ്മ തുളസി എന്നിവരെ പീരുമേട് പൊലീസ് അറസ്റ്റ് ചെയ്തു.

 

കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയിലാണ് വീടിനു സമീപം പ്ലാസ്റ്റിക് ഹോസ് ഉപയോഗിച്ച് മരത്തിൽ കെട്ടിയിട്ട നിലയിൽ അഖിലിനെ കണ്ടെത്തിയത്. നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും അഖിൽ മരിച്ചു. പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ കൊലപാതകം എന്ന് സൂചന ലഭിച്ചതോടെയാണ് അഖിലിന്റെ സഹോദരൻ അജിത്തിനെയും അമ്മ തുളസിയെയും ചോദ്യം ചെയ്തത്. പരസ്പര വിരുദ്ധമായ ഉത്തരങ്ങൾ പറഞ്ഞ ഇരുവരും പിന്നീട് കുറ്റം സമ്മതിക്കുകയായിരുന്നു.

മദ്യലഹരിയിൽ വീട്ടിലെത്തിയ അഖിൽ സഹോദരൻ അജിത്തുമായി വാക്ക് തർക്കം ഉണ്ടാക്കി. ടിവി കാണുന്നതിനച്ചൊല്ലിയായിരുന്നു തർക്കമെന്നു പൊലീസ് പറയുന്നു. ബഹളത്തിനിടെ തടസ്സം പിടിക്കാനെത്തിയ തുളസിയെ അഖിൽ തള്ളിയിട്ടു. പ്രകോപിതനായ അജിത്ത് കമ്പിവടി കൊണ്ട് അടിച്ച് അഖിലിനെ വീഴ്ത്തിയെന്നു പൊലീസ് പറഞ്ഞു. 

ബോധരഹിതനായ അഖിലിനെ വലിച്ചുകൊണ്ടുവന്നു വീ‌ട്ടുപരിസരത്തെ കമുകിൽ കെട്ടിയിട്ടു ക്രൂരമായി മർദിച്ചെന്നും അന്വേഷണസംഘം പറഞ്ഞു. കഴുത്തിൽ ഹോസിട്ടു മുറുക്കുകയും ഞെക്കിപ്പിടിക്കുകയും ചെയ്തതായും അജിത്ത് പൊലീസിനോടു വെളിപ്പെടുത്തി. മരണം ഉറപ്പാക്കിയ ശേഷം ചില ബന്ധുക്കളെ വിളിച്ച് ‘അഖിൽ പടമായതായി’ അജിത്ത് പറഞ്ഞതും പൊലീസ് കണ്ടെത്തി. ബന്ധുക്കളും അയൽവാസികളും വീട്ടിൽ എത്തിയപ്പോൾ അഖിൽ മരിച്ചുകിടക്കുന്നതാണു കണ്ടത്. 

തർക്കം തടയാൻ എത്തിയ അമ്മ തുളസിയെ തള്ളിയിട്ടതോടെ പ്രകോപിതനായ അജിത്ത് അഖിലിന്റെ തലയിൽ കമ്പി വടിക്ക് അടിക്കുകയായിരുന്നു. ബോധരഹിതനായ അഖിലിനെ പിന്നീട് വീടിന് സമീപത്തെ കവുങ്ങിൽ കെട്ടിയിട്ടു. തലക്കേറ്റ ക്ഷതവും രക്തസ്രാവവുമാണ് മരണകാരണം. കുറ്റം സംബന്ധിച്ച അജിത്തിനെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. അമ്മ തുളസിക്കെതിരെ കൊലപാതകം മറച്ചുവെക്കാൻ ശ്രമിച്ചതിനാണ് കേസെടുത്തിരിക്കുന്നത്. ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്.

ENGLISH SUMMARY:

Idukki peerumedu Akhil murder case; two arrest