TOPICS COVERED

മഫ്തിയിലായിരുന്ന പൊലീസുകാരനോട് ആളറിയാതെ തർക്കിച്ചതിന് കൊല്ലം കൊട്ടാരക്കര പൊലീസ് കസ്റ്റഡിയിലെടുത്ത് തല്ലി ചതച്ചതായി യുവാവിന്റെ പരാതി. പള്ളിക്കൽ ഹരീഷ് ഭവനിൽ ഹരീഷ്‌കുമാർ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

പൊലീസിനെ കയ്യേറ്റം ചെയ്‌തെന്നാരോപിച്ച് കേസെടുത്ത്  കോടതിയിലെത്തിച്ചപ്പോൾ ഹരീഷ്കുമാറിന്റെ അവശത കോടതിക്ക് ബോധ്യമായി. പരാതി രജിസ്റ്റർ ചെയ്ത കോടതി ഹരീഷിന് ചികിത്സ നൽകാൻ നിർദേശം നൽകുകയായിരുന്നു. സംഭവത്തെ കുറിച്ച് ഹരീഷ് പറയുന്നത് ഇങ്ങനെ. കഴിഞ്ഞ ബുധൻ കാറിൽ കുടുംബവുമായി പോകുമ്പോൾ പള്ളിക്കൽ മണ്ണറ റോഡിൽ വച്ച് എതിരെ വന്ന കാറിലുള്ളവരുമായി വശം നൽകുന്നതിനെ ചൊല്ലി തർക്കവും ഉന്തും തള്ളും ഉണ്ടായി. സ്‌റ്റേഷനിൽ എത്തണമെന്ന് കൊട്ടാരക്കര പൊലീസ് ഫോണിൽ വിളിച്ചപ്പോഴാണ് തർക്കം ഉണ്ടായത് പൊലീസുകാരനുമായിട്ടാണെന്നു മനസ്സിലായത്. 

പിന്നീട് സ്വകാര്യ കാറിൽ എത്തിയ എസ്.ഐ.പ്രദീപും മറ്റു രണ്ടു പേരും ഇഞ്ചക്കാട്ടു നിന്ന് ഹരീഷ്‌കുമാറിനെ പിടികൂടി കാറിൽ കയറ്റി. പെരുങ്കുളം, പൂവറ്റൂർ പ്രദേശങ്ങളിലൂടെ  കറക്കി ഏറെ നേരം കാറിലിട്ട് മർദിച്ചു. സ്റ്റേഷനിൽ എത്തിച്ചപ്പോൾ ഫൈബർ ലാത്തി കൊണ്ട് കാലിന്റെ വെള്ളയിലും പുറത്തും അടിച്ചെന്ന് ഹരീഷ് കുമാർ പറയുന്നു. അവശനായ ഹരീഷിനെതിരെ പൊലീസ് ഉദ്യോഗസ്ഥനെ മർദിച്ചെന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. അതേസമയം സ്റ്റേഷൻ മർദനം ഉണ്ടായിട്ടില്ലെന്നാണ് ഇൻസ്പെക്ടറുടെ വിശദീകരണം.