TOPICS COVERED

കൊല്ലം ഓയൂരില്‍ ആറുവയസുകാരിയെ തട്ടിയെടുത്ത കേസില്‍ വിചാരണ നടപടികൾ തുടങ്ങാനിരിക്കെ പൊലീസ് തുടർഅന്വേഷണത്തിന് കോടതിയില്‍ അപേക്ഷ നൽകി. തട്ടിക്കൊണ്ടുപോയ കാറില്‍ നാലുപേരാണ് ഉണ്ടായിരുന്നതെന്ന കുട്ടിയുടെ അച്ഛന്റെ ശബ്ദസന്ദേശം പ്രചരിച്ചതിനെ തുടര്‍ന്നാണ് തുടര്‍അന്വേഷണമെന്ന് പൊലീസ് അറിയിച്ചു. അതേസമയം തുടര്‍അന്വേഷണം ആവശ്യപ്പെട്ടിട്ടില്ലെന്നും അന്വേഷണത്തില്‍ തൃപ്തരാണെന്നും കുട്ടിയുടെ അച്ഛന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. 

ചാത്തന്നൂര്‍ സ്വദേശികളായ കെആര്‍ പത്മകുമാര്‍, ഭാര്യ എംആര്‍ അനിതകുമാരി, മകള്‍ പി അനുപമ എന്നിവരാണ് കേസിലെ പ്രതികള്‍. കുട്ടിയെ തട്ടിക്കൊണ്ടുപോയ കാറില്‍ നാലുപേരാണ് ഉണ്ടായിരുന്നതെന്ന് കുട്ടിയുടെ അച്ഛന്‍ പറഞ്ഞതായി കഴിഞ്ഞദിവസം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. കുട്ടിയുടെ അച്ഛന്‍ ഇങ്ങനെ പറയാനുണ്ടായ സാഹചര്യം അന്വേഷിക്കാനാണ് തുടര്‍അന്വേഷണം. റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ച് ‍‍‍‍ഡിവൈഎസ്പി എംഎം ജോസ് അഡീഷനല്‍ സെഷന്‍സ് കോടതിയില്‍ നല്‍കിയ അപ‌േക്ഷ നാളെ കോടതി പരിഗണിക്കും. അതേസമയം തുടര്‍അന്വേഷണം ആവശ്യപ്പെട്ടിട്ടില്ലെന്നും അന്വേഷണത്തില്‍ കുടുംബം പൂര്‍ണതൃപ്തരാണെന്നും കുട്ടിയുടെ അച്ഛന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. കാറില്‍ നാലുപേരാണ് ഉണ്ടായിരുന്നതെന്ന് അന്ന് മകന്‍ പറഞ്ഞതാണ്. മൂന്നുപേരാണെന്ന് മകള്‍ പറയുകയും അത് അന്വേഷണത്തില്‍ തെളിയുകയും ചെയ്തു. ഇക്കാര്യത്തില്‍ സംശയമില്ലെന്നും കുട്ടിയുടെ അച്ഛന്‍ പറഞ്ഞു.

കഴിഞ്ഞവര്‍ഷം നവംബര്‍ ഇരുപത്തിയേഴിനാണ് കുട്ടിയെ തട്ടിയെടുത്തത്. സാമ്പത്തിക ബാധ്യത തീർക്കാൻ കുട്ടിയെ തട്ടിയെടുത്ത് മോചനദ്രവ്യത്തിനായി തടവിൽ പാർപ്പിച്ചെന്നാണ് കേസ്. പ്രതിയായ അനുപമയ്ക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു.

ENGLISH SUMMARY:

Police-for-further-investigation in Oyur case