ലഹരി മരുന്ന് നല്‍കി അബോധാവസ്ഥയിലാക്കിയ ശേഷം എയ്ഡ്സ് രോഗിയുള്‍പ്പടെയുള്ള 50 പുരുഷന്‍മാര്‍ക്ക് ഭര്‍ത്താവ് തന്നെ കാഴ്ച വച്ചതായി 72കാരിയുടെ വെളിപ്പെടുത്തല്‍. പത്തുവര്‍ഷത്തിനിടെ നൂറോളം തവണ താന്‍ ബലാല്‍സംഗത്തിനിരയായെന്നും ഇതെല്ലാം തന്‍റെ വീടിനുള്ളില്‍ വച്ചാണ് നടന്നതെന്നും ഫ്രഞ്ച് വനിത കോടതിയില്‍ വെളിപ്പെടുത്തി. മാലിന്യസഞ്ചിയായാണ് അവര്‍ തന്നെകണ്ടത്. ഉന്നതന്‍മാരുടെ അള്‍ത്താരയില്‍ താന്‍ ബലിയായി അര്‍പ്പിക്കപ്പെട്ടുവെന്നും അവര്‍ കോടതിയില്‍ പറഞ്ഞു. 'സ്വന്തമായി ഒന്നുമില്ല, വ്യക്തിത്വം വരെ നഷ്ടപ്പെട്ടു. എന്നെങ്കിലും എനിക്കെന്നെ വീണ്ടെടുക്കാനാകുമോ എന്നു പോലും അറിയില്ല' അവര്‍ വിതുമ്പി.
'എനിക്കെല്ലാം നശിച്ചു. ആറു തവണയാണ് എച്ച്ഐവി ബാധിതനായ ആള്‍ ബലാല്‍സംഗം ചെയ്തത്. ഞാനും എച്ച്ഐവി ബാധിതയായി. എന്‍റെ ജീവിതം അത്രയേറെ അപകടത്തിലായിട്ടും ഒരാള്‍ പോലും എന്നോട് ദയ കാണിച്ചില്ല'- അവര്‍ കോടതിയില്‍ പറഞ്ഞു. ഭര്‍ത്താവാണ് മറ്റുള്ളവര്‍ക്ക് കാഴ്ച വച്ചത്. വീട്ടിലെത്തി ബലാല്‍സംഗം ചെയ്യുന്നവരുടെയെല്ലാം ദൃശ്യങ്ങള്‍ ഇയാള്‍ പകര്‍ത്തി സൂക്ഷിച്ചിരുന്നു.
2011 മുതല്‍ 2020 വരെയുള്ള കാലത്താണ് ഇവര്‍ക്ക് ക്രൂരമായ പീഡനം ഏല്‍ക്കേണ്ടി വന്നത്. ഒടുവില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ വച്ച് ഒരു സ്ത്രീയുടെ ചിത്രം പകര്‍ത്തുന്നത് കണ്ട സുരക്ഷ ഉദ്യോഗസ്ഥനാണ് ഭര്‍ത്താവിനെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്. ഫോണ്‍ പരിശോധിച്ച പൊലീസ് നടുങ്ങി. അതൊരു സുനാമി പോലെ ആയിരുന്നുവെന്ന് അവര്‍ പറയുന്നു. ' എന്‍റെ ലോകം തകര്‍ന്ന് വീണു. കഴിഞ്ഞ 50 വര്‍ഷമായി താനുണ്ടാക്കിയതെല്ലാം തകര്‍ന്ന് വീണു. ഒരു പ്രേതപ്പടം പോലെ ഭീതിദമായിരുന്നുവെല്ലാം'- സ്ത്രീ ഇത് പറയുമ്പോള്‍ തല കുമ്പിട്ട് ഭര്‍ത്താവ് കോടതി മുറിയില്‍ തന്നെ ഉണ്ടായിരുന്നു.
'ഉപദ്രവങ്ങള്‍' എന്ന പേരില്‍ തന്നെയാണ് ഭര്‍ത്താവ് ഈ ലൈംഗിക അതിക്രമങ്ങളുടെ ഫയലുകളെല്ലാം സൂക്ഷിച്ചിരുന്നതെന്ന് പൊലീസ് കണ്ടെത്തി. ഗിസില്‍ ബലാല്‍സംഗം ചെയ്യപ്പെടുന്നതിന്‍റെ 20,000ത്തിലേറെ ചിത്രങ്ങളാണ് പൊലീസ് കണ്ടെത്തിയത്.
വൈനിലും ഭക്ഷണത്തിലുമായി ഉറക്ക ഗുളികയും ഉത്കണ്ഠയ്ക്ക് കഴിക്കുന്ന മരുന്നും സ്ത്രീക്ക് നല്‍കിയിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. ഇതിന് ശേഷം ഓണ്‍ലൈനില്‍ പരിചയപ്പെട്ട ആളുകളെ ഭാര്യയെ ബലാല്‍സംഗം ചെയ്യുന്നതിനായി വീട്ടിലേക്ക് ക്ഷണിച്ചു വരുത്തി. 26 വയസു മുതല്‍ 74 വയസുവരെയുള്ളവര്‍ ഇങ്ങനെ വീട്ടിലെത്തിയതായി പൊലീസ് ചിത്രങ്ങളുടെ സഹായത്തോടെ കണ്ടെത്തുകയായിരുന്നു. ഇവരില്‍ 35 പേര്‍ കുറ്റം നിഷേധിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഭാര്യയുടെ സമ്മതത്തോടെയുള്ള
ലൈംഗിക ബന്ധമായിരുന്നുവെന്നും ബലാല്‍സംഗം ചെയ്തിട്ടില്ലെന്നുമായിരുന്നു ഇയാളുടെ വാദം. പ്രതികളില്‍ 14 പേര്‍ ബലാല്‍സംഗം ചെയ്തതായി കോടതിയില്‍ ഏറ്റുപറഞ്ഞു