കോഴിക്കോട് മാമി (മുഹമ്മദ്) തിരോധാനക്കേസിന്‍റെ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ട് സംസ്ഥാന പൊലീസ് മേധാവി ഉത്തരവിറക്കി. പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ച് എഡിജിപിക്ക് നിര്‍ദേശം നല്‍കി. കേസ് സിബിഐക്ക് വിടണമെന്ന മലപ്പുറം എസ്.പിയുടെ ശുപാര്‍ശയ്ക്ക് പിന്നാലെയാണ് ഡിജിപി നടപടിയെടുത്തത്. കേസ് അന്വേഷണത്തില്‍ ഉന്നത ഇടപെടലുണ്ടായിട്ടുണ്ട്. പി.വി.അന്‍വറിന്‍റെ വെളിപ്പെടുത്തല്‍ പേടിയോടെയും ആശങ്കയോടെയുമാണ് കാണുന്നതെന്നും കേസ് സിബിഐക്ക് കൈമാറണമെന്നും കുടുംബം ആവശ്യപ്പെട്ടിരുന്നു.
മാമിയെ കാണാനില്ലെന്ന് പരാതി നല്‍കിയെങ്കിലും ആദ്യഘട്ടത്തില്‍ അന്വേഷണം കാര്യക്ഷമമല്ലായിരുന്നുവെന്നും കേസ് അട്ടിമറിക്കാന്‍ ബാഹ്യ ഇടപെടലുണ്ടായെന്നും ആക്ഷന്‍ കമ്മിറ്റിയും കുടുംബവും നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു. കേസന്വേഷിച്ച പൊലീസുദ്യോഗസ്ഥനെതിരെയും കുടുംബമടക്കം ആക്ഷേപം ഉന്നയിച്ചിരുന്നു.
കഴിഞ്ഞവര്‍ഷം ഓഗസ്റ്റ് 21ന് രാത്രി ഏഴുമണിക്ക് അരയിടത്തുപാലം ഓഫീസില്‍ നിന്ന് വീട്ടിലേക്ക് പോവനായി ഇറങ്ങിയതാണ് മുഹമ്മദ് ആട്ടൂര്‍ എന്ന മാമി. ഇതിനിടെ എത്താന്‍ വൈകുമെന്ന് ഭാര്യക്ക് സന്ദേശം. പിന്നീട് ഒരു വിവരവുമില്ല. ഇതോടെ പൊലീസിലും പിന്നീട് മുഖ്യമന്ത്രിക്കും ആക്ഷന്‍ കമ്മിറ്റി പരാതി നല്‍കുകയായിരുന്നു. മാമിയെ ആരോ തട്ടികൊണ്ടുപോയതാണെന്നാണ് ഇപ്പോഴും കുടുംബം കരുതുന്നത്.