bank-president

TOPICS COVERED

കോൺഗ്രസ് ഭരിക്കുന്ന ബത്തേരി അർബന്‍ ബാങ്കിൽ നിയമനത്തിന്റെ മറവിൽ അഴിമതിയും ക്രമക്കേടും നടന്നെന്ന് സമ്മതിച്ചു ഡി.സി.സി ജന.സെക്രട്ടറിയും നിലവിലെ ബാങ്ക് പ്രസിഡണ്ടുമായ ഡി.പി രാജശേഖരൻ. അഞ്ചു വർഷം മുമ്പ് തന്നെ അന്വേഷിച്ചു നടപടിയെടുത്തിരുന്നെന്നും നിയമന തട്ടിപ്പ് മറ്റു സഹകരണ സ്ഥാപനങ്ങളിൽ ഇന്നും തുടരുന്നെന്നും രാജശേഖരൻ മനോരമ ന്യൂസിനോട് പറഞ്ഞു. നിയമനത്തിനു പിന്നിൽ രാഷ്ട്രീയത്തിനതീതമായ വൻ മാഫിയ പ്രവർത്തിക്കുന്നുണ്ടെന്നും ആത്മഹത്യ ചെയ്ത ഡി.സി.സി ട്രഷറർ എൻ.എം വിജയന്റെ ആത്മഹത്യയിൽ ആ മാഫിയ പ്രവർത്തിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും ഡി.പി രാജശേഖരൻ പറഞ്ഞു. 

Read Also: ബത്തേരി അർബൻ ബാങ്കിലെ നിയമന ക്രമക്കേട്; ‘തട്ടിപ്പില്‍ നേതാക്കള്‍ക്കും പങ്ക്’


വയനാട്ടിൽ ഡി.സി.സി ട്രഷറർ എൻ എം വിജയന്റെയും മകന്റെയും ആത്മഹത്യയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ കോണ്‍ഗ്രസില്‍ തന്നെ ഭിന്നത ഉടലെടുത്തിരിക്കുകയാണ്. ബത്തേരി അർബൻ സഹകരണ ബാങ്കിലെ നിയമനവുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ക്ക് പിന്നില്‍ പാര്‍ട്ടിയിലെ തന്നെ ചിലരെന്ന് സംശയിക്കുന്നതായി ഐ.സി ബാലകൃഷ്ണന്‍ നേരത്തെ പറഞ്ഞിരുന്നു. ആത്മഹത്യയ്ക്ക് ഉത്തരവാദി കെപിസിസിയും ഐ.സി ബാലകൃഷ്ണനുമാണെന്ന സിപിഎം ആരോപണത്തിന് പിന്നാലെയാണ് പ്രതികരണം.

 

എൻ. എം വിജയന്റെ ആത്മഹത്യക്കു പിന്നാലെ വാദപ്രതിവാദങ്ങൾ കൊഴുക്കുകയാണ്. സ്ഥലം എം. എൽ.എ ഐ സി ബാലകൃഷ്ണനെ പ്രതിസ്ഥാനത്തു നിർത്തിയാണ് സിപിഎമ്മിന്റെ ആരോപണങ്ങളൊക്കെയും. ആത്മഹത്യക്ക് ഉത്തരവാദി കെപിസിസിയും ഐ.സി ബാലകൃഷ്ണനുമാണെന്നും ബാങ്ക് നിയമപരമായി ബന്ധപ്പെട്ട് കോടികൾ കോഴ വാങ്ങിയതിനു പിന്നിൽ ഐ. സി ബാലകൃഷ്ണൻ അടക്കമുള്ളവരാണെന്നും സിപിഎം ജില്ലാ സെക്രട്ടറി കെ. റഫീഖ് ആരോപിച്ചു.

കഴിഞ്ഞ ദിവസം പുറത്തുവന്ന 30 ലക്ഷത്തിന്റെ കരാറിൽ തന്റെ പേര് ചേർത്തത് വ്യാജമായാണെന്നും 2021 ലെ രേഖകൾ വീണ്ടും പുറത്തു വന്നതിനു പിന്നിൽ പാർട്ടിക്കുള്ളിൽ തന്നെയുള്ള സംഘമാണെന്നും ഐ.സി ബാലകൃഷ്ണൻ ചൂണ്ടിക്കാട്ടി. ബാങ്ക് നിയമനത്തിൽ കോടികൾ വാങ്ങിയത് ഐ. സി ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണെന്നായിരുന്നു ബിജെപിയുടെ ആരോപണം. എംഎൽഎയുടെ രാജി ആവശ്യപ്പെട്ട് ബിജെപി പ്രതിഷേധത്തിനിറങ്ങുമെന്നും ജില്ലാ പ്രസിഡന്റ്‌ പ്രശാന്ത് മലവയൽ പറഞ്ഞു. 

അതിനിടെ ആത്മഹത്യയെ പറ്റി അന്വേഷിക്കാൻ പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിച്ചു. ബത്തേരി ഡിവൈഎസ്പിക്കാണ് അന്വേഷണചുമതല. ആത്മഹത്യക്കിടയാക്കിയ കാരണത്തെപ്പറ്റി സംഘം അന്വേഷിക്കും.

ENGLISH SUMMARY:

President admits to corruption and irregularities under the guise of appointment at Bathery Urban Bank