പാനിയത്തില്‍ സയനൈഡ് കലര്‍ത്തി നല്‍കി നാല് പേരെ കൊലപ്പെടുത്തിയ സംഭവത്തില്‍ മൂന്ന് സ്ത്രീകള്‍ അറസ്റ്റില്‍. കവര്‍ച്ച നടത്താന്‍ വേണ്ടിയായിരുന്നു സൗഹൃദം സ്ഥാപിച്ചതിന് ശേഷം പാനിയത്തില്‍ സൈനഡ് കലര്‍ത്തി നല്‍കി കൊലപ്പെടുത്തിയത്. ആന്ധ്രാപ്രദേശിലെ തെനാലിയിലാണ് സംഭവം.
മുനുഗപ്പ രജിനി(40), മദിലയ വെങ്കടേശ്വരി(32), ഗുര്‍ള ലാമനമ്മ (60) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സ്വര്‍ണവും പണവും ഉള്ള ആളുകളെ നോട്ടമിട്ട് സൗഹൃദം സ്ഥാപിക്കുകയാണ് ഇവര്‍ ആദ്യം ചെയ്യുക. പിന്നാലെ പാനിയത്തില്‍ സയനൈഡ് കലര്‍ത്തി നല്‍കും. പാനിയം കുടിച്ച് ഇവര്‍ മരിച്ചതിന് ശേഷം വിലപിടിപ്പുള്ള വസ്തുക്കള്‍ മോഷ്ടിച്ച് കടന്നുകളയും.
മറ്റ് രണ്ട് പേരെ കൂടി ഇവര്‍ സമാനമായ രീതിയില്‍ കൊല്ലാന്‍ ശ്രമിച്ചതായാണ് പൊലീസ് പറയുന്നത്. എന്നാല്‍ ഇവര്‍ രക്ഷപെടുകയായിരുന്നു. അറസ്റ്റിലായ വെങ്കിടേശ്വരി നേരത്തെ നാല് വര്‍ഷത്തോളം സന്നദ്ധപ്രവര്‍ത്തകയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. തുടര്‍ന്ന് കംബോഡിയയിലേക്ക് പോയി. അവിടെ സൈബര്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തിരുന്നു.
സയനൈഡ് ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ പ്രതികളില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തു. പ്രതികള്‍ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. അപരിചിതരുമായി സൗഹൃദം സ്ഥാപിക്കുന്നതില്‍ ജാഗ്രത പാലിക്കണം എന്ന മുന്നറിയിപ്പും ഗുണ്ടൂര്‍ പൊലീസ് സൂപ്രണ്ട് സതീഷ് കുമാര്‍ നല്‍കി.