കാസർകോട് ബേക്കലിൽ യുവാക്കളെ കാറിൽ തട്ടിക്കൊണ്ടുപോയി വധിക്കാൻ ശ്രമം. ഇരുവരെയും ബേക്കൽ പൊലീസ് സഹസികമായി രക്ഷപെടുത്തി. കേസിൽ ആറ് പേരെ അറസ്റ്റ് ചെയ്തു. പഴയ സ്വർണം വാങ്ങാനാണ് കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി സജിയും നീലേശ്വരം കോട്ടപ്പുറം സ്വദേശി ഷെരീഫും ഇടനിലക്കാരായി കാസർകോട് സ്വദേശികളായ മൂന്ന് പേർക്കൊപ്പം കർണാടകയിലെ ബൽഗാമിൽ എത്തിയത്. അവിടെവെച്ച് ഇവരുടെ ഏഴ് ലക്ഷം രൂപ ബൈക്കിലെത്തിയ രണ്ടുപേർ തട്ടിയെടുത്തു.
തുടർന്ന് ബസിൽ മംഗളൂരുവിൽ എത്തിയ സജിയെയും ഷെരീഫിനേയും ഏഴംഗ സംഘം തട്ടിക്കൊണ്ടുപോയി കാസർകോട് എത്തിച്ചു. പെരിയാട്ടടുക്കത്തെ വാടകമുറിയില്‍ ശനിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിക്ക് എത്തിയത് മുതല്‍ മർദ്ദനം ആരംഭിച്ചു. ഇരുമ്പ് വടി ഉൾപ്പെടെയുള്ള മാരകായുധങ്ങള്‍ കൊണ്ട് ക്രൂരമായി ആക്രമിക്കുകയായിരുന്നു. തങ്ങൾക്ക് നഷ്ടപ്പെട്ട പണം തിരിച്ചുനൽകിയില്ലെങ്കിൽ കൊല്ലും എന്നായിരുന്നു സംഘത്തിന്‍റെ ഭീഷണി.
അതിനിടെ ശനിയാഴ്ച വൈകിട്ട് ബേക്കൽ സി.ഐ കെ.പി ഷൈനിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസെത്തി ഇവരെ മോചിപ്പിക്കുകയായിരുന്നു. പാലക്കാട് ശ്രീകൃഷ്ണപുരം സ്വദേശി വി. അജയകുമാർ, പനയാൽ സ്വദേശികളായ സൽമാൻ ഫാരിസ്, മുഹമ്മദ് റഷീദ്, നെല്ലിക്കട്ട സ്വദേശികളായ ഹംസ, മാജിദ് , എം. മുഹമ്മദ് അഷ്റഫ്, എന്നിവരാണ് പിടിയിലായത്. കണ്ടാല്‍ അറിയാവുന്ന ഒരാളെ കൂടി പിടികൂടാനുണ്ട്. പ്രതികളെ ഹോസ്ദുർഗ് കോടതി റിമാൻഡ് ചെയ്തു.