െകാല്ലത്ത് പതിനാലു വയസ്സുള്ള മകനെ വെട്ടിക്കൊലപ്പെടുത്തി മണ്ണെണ്ണ ഒഴിച്ചു കത്തിച്ച കേസില്‍ പ്രതിയായിരുന്ന കുട്ടിയുടെ അമ്മയെ കോടതി വിട്ടയച്ചു. നെടുമ്പന കുരീപ്പള്ളി സ്വദേശിനിയായ ജയമോളെയാണ് അഡീഷനല്‍ സെഷന്‍സ് കോടതി വിട്ടയച്ചത്. സാക്ഷികള്‍ കൂറുമാറിയതും ശാസ്ത്രീയതെളിവുകളുടെ അഭാവവുമാണ് കേസില്‍ തിരിച്ചടിയായതെന്നാണ് പ്രോസിക്യൂഷന്‍ വിശദീകരണം.
2018 ജനുവരി പതിനഞ്ചിനാണ് നാടിനെ നടക്കിയ കൊലപാതകം ഉണ്ടായത്. നെടുമ്പന കുരീപ്പള്ളി കാട്ടൂർ മേലേഭാഗം സെബദിയിൽ ജോബ് ജി ജോണിന്റെ മകന്‍ പതിനാലുവയസുളള ജിത്തുവിനെ കൊലപ്പെടുത്തിയ കേസിലാണ് കുട്ടിയുടെ അമ്മ അമ്പതുവയസുകാരി ജയമോളെ കോടതി വിട്ടയച്ചത്. കൊല്ലം രണ്ടാം അഡീഷനൽ സെഷൻസ് കോടതി ജഡ്‌ജ് പി.എൻ.വിനോദാണ് കേസില്‍ വിധി പറഞ്ഞത്. തെളിവുകളുടെ അഭാവത്തില്‍ പ്രോസിക്യൂഷന് കേസ് തെളിയിക്കാന്‍ കഴിഞ്ഞില്ല.
ബന്ധുക്കള്‍ ഉള്‍പ്പെടെ സാക്ഷികള്‍ കൂറുമാറിയതും ശാസ്ത്രീയതെളിവുകളുടെ അഭാവവുമാണ് കേസില്‍ തിരിച്ചടിയായതെന്നാണ് പ്രോസിക്യൂഷന്‍ വിശദീകരണം. ജയമോൾ ഷാൾ ഉപയോഗിച്ചു മകന്റെ കഴുത്തു മുറുക്കി ശ്വാസം മുട്ടിക്കുകയും അബോധാവസ്‌ഥയിൽ നിലത്തു വീണ കുട്ടിയെ കറിക്കത്തി ഉപയോഗിച്ചു വെട്ടിക്കൊലപ്പെടുത്തുകയും ചെയ്തു. ഇതിനു ശേഷം പുറത്തു കൊണ്ടുപോയി മണ്ണെണ്ണ ഒഴിച്ചു ഭാഗികമായി കത്തിച്ചു. പിന്നീട് മൃതദേഹം വീടിനു പിന്നിലെ പുരയിടത്തിൽ വാഴക്കൂട്ടത്തിന് ഇടയിൽ ഉപേക്ഷിച്ചു എന്നായിരുന്നു കേസ്. പ്രോസിക്യൂഷൻ ഭാഗത്തുനിന്നു മുപ്പതു സാക്ഷികളെ വിസ്തരിച്ചിരുന്നു. മൃതദേഹം കത്തിക്കാന്‍ മണ്ണെണ്ണ കൈമാറിയെന്ന് അന്ന് പൊലീസിന് മൊഴി നല്‍കിയ സ്ത്രീ ഉള്‍പ്പെടെ പിന്നീട് കൂറുമാറിയിരുന്നു. ശാസ്ത്രീയ തെളിവുകള്‍ വളരെ കുറവായിരുന്നതായും പ്രോസിക്യൂട്ടര്‍ അറിയിച്ചു.