bihar-nurse

AI generated image

സ്വകാര്യ ആശുപത്രിയിലെ നഴ്സിനു നേരെ കൂട്ടബലാത്സംഗ ശ്രമം. ഒരു ഡോക്ടര്‍ ഉള്‍പ്പെടെയുള്ള സംഘമാണ് നഴ്സിനോട് മോശമായി പെരുമാറിയത്. ഡോക്ടറുടെ ജനനേന്ദ്രിയം സര്‍ജിക്കല്‍ ബ്ലേഡ് കൊണ്ട് മുറിച്ച് അക്രമത്തെ ചെറുത്ത നഴ്സ് ആശുപത്രിയില്‍ നിന്ന് ഇറങ്ങിയോടി. ആശുപത്രിയുടെ ഭരണത്തലപ്പത്തുള്ളയാളാണ് നഴ്സിനെ കൂട്ടബലാത്സംഗത്തിനിരയാക്കാന്‍ ശ്രമിച്ചതെന്നാണ് വിവരം.

ബിഹാറിലാണ് സംഭവം. കൊല്‍ക്കത്തയില്‍ ട്രെയിനി ഡോക്ടര്‍ ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതില്‍ പ്രതിഷേധം തെല്ലും അയഞ്ഞിട്ടില്ലാത്ത സാഹചര്യത്തിലാണ് ഈ വാര്‍ത്തയും എത്തുന്നത്. ഗംഗാപുരിലെ ആര്‍.ബി.എസ് ഹെല്‍ത്ത് കെയര്‍ സെന്‍ററിലാണ് ക്രൂരകൃത്യം അരങ്ങേറിയത്. സഞ്ജയ് കുമാര്‍ എന്ന ഡോക്ടറും രണ്ട് സഹായികളും മദ്യലഹരിയിലാണ് നഴ്സിനെ ഉപദ്രവിക്കാന്‍ ശ്രമിച്ചത്.

രാത്രി ജോലി കഴിഞ്ഞ് മടങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു നഴ്സ്. മദ്യലഹരിയിലെത്തിയ മൂവരും ചേര്‍ന്ന് ഇവരെ കടന്നാക്രമിച്ചു. ബലമായി പിടിച്ചുവച്ചപ്പോള്‍ കയ്യില്‍ കിട്ടിയ സര്‍ജിക്കല്‍ ബ്ലേഡ് ഉപയോഗിച്ച് ഡോക്ടറുടെ ജനനേന്ദ്രിയം അറുത്താണ് നഴ്സ് രക്ഷപ്പെട്ടത്. ആശുപത്രിയില്‍ നിന്നിറങ്ങിയോടി പുറത്തൊരിടത്ത് ഒളിച്ചിരുന്ന് പൊലീസില്‍ വിവരം അറിയിച്ചു.

ഡി.എസ്.പി സഞ്ജയ് കുമാര്‍ പാണ്ഡെ അടക്കമുള്ള സംഘം ഉടന്‍ തന്നെ ആശുപത്രിയിലെത്തി. നഴ്സ് സുരക്ഷിതയാണെന്നും മൂന്നുപേര്‍ അറസ്റ്റിലായതായും പൊലീസ് അറിയിച്ചു. സുനില്‍ കുമാര്‍ ഗുപ്ത, അവധേഷ് കുമാര്‍ എന്നീ രണ്ടുപേരാണ് ഡോക്ടര്‍ക്കൊപ്പമുണ്ടായിരുന്നതെന്ന് പൊലീസ് പിന്നീട് വ്യക്തമാക്കി. ആശുപത്രി അകത്തുനിന്നും പൂട്ടി സി.സി.ടി.വി ക്യാമറകള്‍ ഓഫാക്കിയതിനു ശേഷമായിരുന്നു പ്രതികള്‍ നഴ്സിനെ അക്രമിക്കാനെത്തിയത്. 

നഴ്സിന്‍റെ സമയോജിതമായ ചെറുത്തുനില്‍പ്പും ധൈര്യവും പ്രശംസനീയമാണെന്നും ഡി.എസ്.പി കൂട്ടിച്ചേര്‍ത്തു. ആശുപത്രിയില്‍ നിന്നും പകുതിയോളം കാലിയായ മദ്യക്കുപ്പിയും നഴ്സ് ഡോക്ടറുടെ ജനനേന്ദ്രിയം മുറിച്ച സര്‍ജിക്കല്‍ ബ്ലേഡും മൂന്ന് മൊബൈല്‍ ഫോണുകളും പൊലീസ് പിടിച്ചെടുത്തു. മദ്യനിരോധിത സംസ്ഥാനമാണ് ബിഹാര്‍. ലൈംഗിക അതിക്രമത്തിനൊപ്പം അനധികൃതമായി മദ്യം ഉപയോഗിക്കുക.ും സൂക്ഷിക്കുകയും ചെയ്ത കുറ്റമടക്കം പ്രതികള്‍ക്കെതിരെ ചുമത്തിയതായി പൊലീസ് വ്യക്തമാക്കി.

ENGLISH SUMMARY:

A gang-rape attempt has been made on a nurse at a private hospital in Bihar. Police said one of the assaulters was a doctor. The nurse managed to escape after inflicting a cut on his private parts with a blade.