മൊബൈല്‍ ആക്സറീസ് ബിസിനസില്‍ പങ്കാളികളാക്കാമെന്നു വിശ്വസിപ്പിച്ചു ഹൈദരാബാദില്‍ വമ്പന്‍ തട്ടിപ്പ്. ഹൈദരബാദ് മധാപൂര്‍ കേന്ദ്രമാക്കിയുള്ള ഡി.കെ.എസ് ടെക്നോളജീസെന്ന കമ്പനി 700 കോടി തട്ടിച്ചതിനുശേഷം മുങ്ങി. തെലങ്കാന,ആന്ധ്ര ,കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നുള്ള പതിനെട്ടായിരം നിക്ഷേപകരാണു പെരുവഴിയിലായത്. വിഡിയോ റിപ്പോര്‍ട്ട് കാണാം.
മൊബൈല്‍ ആക്സസറീസ് നിര്‍മാണ–വിപണന രംഗത്ത് ഇന്ത്യന്‍ കാല്‍വെയ്പ്പെന്ന പേരുമായാണ് ഡി.കെ.എസ്. ടെക്നോളജീസ് നിക്ഷേപകരെ സമീപിച്ചത്. 2018 സ്ഥാപിതമായ കമ്പനി പ്രധാനമായും ഹെഡ്ഫോണുകളും നെക്ക് ബാന്‍ഡുകളുമാണു വിപണയിലെത്തിച്ചിരുന്നത്. ഡിക്കാസോയെന്ന പേരില്‍ ഷോറൂമുകളും തുടങ്ങിയിരുന്നു. 8 മുതല്‍ 12 ശതമാനം വരെ ലാഭവിഹിതം വാഗ്ദാനം ചെയ്താണു നിക്ഷേപം സ്വീകരിച്ചിരുന്നത്. കഴിഞ്ഞ മാസം ലാഭവിഹിതം കിട്ടുന്നതു നിലച്ചതോടെ അന്വേഷിച്ചെത്തിയ നിക്ഷേപകരാണു കമ്പനി അടച്ചുപൂട്ടിയതായി മനസിലാക്കിയത്.
പ്രവാസികളായിരുന്നു നിക്ഷേപകരില്‍ ഭൂരിപക്ഷവും. അതേസമയം തെലങ്കാനയിലെ മുന്‍ ബി.ആര്‍.എസ് മന്ത്രിസഭയിലെ ആഭ്യന്തരമന്ത്രിയായിരുന്ന മുഹമ്മദ് മഹ്മൂദ് അലിക്ക് കമ്പനിയുമായി ബന്ധമുണ്ടെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. നിക്ഷേപകരുടെ പരാതിയില്‍ സൈബ്രാബാദ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.