mishel-shaji

TOPICS COVERED

വിദ്യാര്‍ഥിനിയായിരുന്ന മിഷേല്‍ ഷാജിയുടെ മരണത്തില്‍ തുടരന്വേഷണത്തിന് ക്രൈം ബ്രാഞ്ച്. പൊലീസ് അന്വേഷണത്തിലെ വീഴ്ചകള്‍ ഹൈക്കോടതി ചൂണ്ടക്കാട്ടിയതിന് പിന്നാലെയാണ് നീക്കം. സിഎ വിദ്യാര്‍ഥിയായിരുന്ന മിഷേല്‍ ഷാജിയെ 2017 മാര്‍ച്ചിലാണ് കൊച്ചി കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

 

2017 മാര്‍ച്ച് അഞ്ചിനാണ് എറണാകുളം പിറവം സ്വദേശിനിയായ സിഎ വിദ്യാര്‍ഥിനി മിഷേല്‍ ഷാജിയെ കൊച്ചി വേമ്പനാട്ട് കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണം ആത്മഹത്യയാണെന്ന് ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും വിധിയെഴുതി. പക്ഷെ എഫ്ഐആറിലെ പൊരുത്തക്കേടുകളും ശരീരത്തിലെ മുറിവുകളും സംശയത്തിന്‍റെ ആക്കം കൂട്ടുന്നുവെന്ന് മിഷേലിന്‍റെ പിതാവ് ഷാജി വര്‍ഗീസ് ആരോപിച്ചു. കാണാതായ ദിവസം വൈകീട്ട് 5ന് കലൂരിലെ പള്ളിയില്‍ മിഷേല്‍ എത്തുന്ന ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. എന്നിട്ടും എഫ്ഐആറില്‍ ഏഴ് മണിക്കാണ് പള്ളിയില്‍ നിന്ന് ഇറങ്ങിയതെന്നാണ് രേഖപ്പെടുത്തിയത്. 

സിബിഐ അന്വേഷണം വേണമെന്ന പിതാവിന്‍റെ ആവശ്യം ഹൈക്കോടതി തള്ളിയെങ്കിലും അന്വേഷണത്തിലെ വീഴ്ചകള്‍ പരിശോധിക്കാന്‍ കോടതി നിര്‍ദേശം നല്‍കി. കോടതി ചൂണ്ടിക്കാട്ടിയ വീഴ്ചകളാണ് ക്രൈംബ്രാഞ്ച് വീണ്ടും പരിശോധിക്കുന്നത്. മിഷേല്‍ ചാടിയത് ഏത് പാലത്തില്‍ നിന്നാണെന്ന് ഉറപ്പിക്കും, ഗോശ്രീ ഒന്നാം പാലമെന്ന് ആദ്യം പറഞ്ഞ പൊലീസ് പിന്നീട് അത് രണ്ടാമത്തെ പാലമാണെന്ന് മാറ്റി. 

മട്ടാഞ്ചേരി വാര്‍ഫിന് സമീപം മൃതദേഹം എത്തിയത് വേലിയിറക്കത്തിന്‍റെ ഭാഗമായി ആണെന്ന പൊലീസിന്‍റെ നിഗമനവും പരിശോധിക്കും. ജല സാംപിള്‍ ശേഖരിച്ചതിലെ അപാകത വിലയിരുത്തും. സുഹൃത്തിന്‍റെ ഫോണില്‍ നിന്ന് ഡിലീറ്റ് ചെയ്ത എസ്എംഎസുകള്‍ വീണ്ടെടുക്കാന്‍ ശ്രമിക്കും. അതിനിടെ മിഷേലിന്‍റെ ഫോണും ബാഗും കണ്ടെത്താത്തതില്‍ ദുരൂഹതയുണ്ടെന്നും ആരോപണമുണ്ട്.