ajmal-attack

TOPICS COVERED

മൈനാഗപ്പള്ളിയില്‍ മദ്യലഹരിയിൽ സ്കൂട്ടർ യാത്രക്കാരിയെ ഇടിച്ചു വീഴ്ത്തിയ ശേഷം കാർ കയറ്റി കൊലപ്പെടുത്തിയ കേസിൽ അപകടം ഉണ്ടാക്കിയ കാറിന് ഇന്‍ഷുറന്‍സ് ഉണ്ടായിരുന്നില്ലെന്ന് റിപ്പോര്‍ട്ട്. അപകടശേഷം ഓണ്‍ലൈന്‍ വഴി കാറിന്റെ ഇന്‍ഷുറന്‍സ് പുതുക്കുകയായിരുന്നു. ഈമാസം 15ന് വൈകിട്ടാണ് അപകടം ഉണ്ടായത്. ഇന്‍ഷുറന്‍സ് പുതുക്കിയതാകട്ടെ 16ന്. ഒന്നാം പ്രതി അജ്മലിന്റെ സുഹൃത്തിന്റെ അമ്മയുടെ പേരിലാണ് വാഹനം. ഇന്‍ഷുറന്‍സ് പുതുക്കിയത് അന്വേഷിക്കാനാണ് പൊലീസിന്‍റെ തീരുമാനം.

 

അതേസമയം, കേസിൽ പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും. പ്രതികളെ മൂന്നു ദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്നാവശ്യപ്പെട്ട് ശാസ്താംകോട്ട പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ കോടതിയിൽ സമർപ്പിക്കും. കേസിലെ ഒന്നാം പ്രതി അജ്മൽ കൊല്ലം ജില്ലാ ജയിലിലും രണ്ടാംപ്രതി ഡോക്ടർ ശ്രീക്കുട്ടി തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലിലുമാണ്. തെളിവെടുപ്പ് ഉൾപ്പെടെ പൂർത്തിയാക്കാനാണ് പൊലീസിന്റെ തീരുമാനം.

മദ്യലഹരിയിലായിരുന്ന പ്രതികൾ രാസലഹരിയും ഉപയോഗിച്ചോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. രണ്ടാം പ്രതി ശ്രീക്കുട്ടി ജാമ്യാപേക്ഷ സമർപ്പിക്കാൻ ശ്രമിക്കുന്നതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഈമാസം 15ന് വൈകിട്ടാണ് കാറിടിച്ച് മൈനാഗപ്പള്ളി ആനൂർക്കാവ് പഞ്ഞിപ്പുല്ലുവിള കുഞ്ഞുമോൾ (45) ദാരുണമായി കൊല്ലപ്പെടുന്നത്.

ENGLISH SUMMARY:

The car that caused the accident in Mainagapally had no insurance. After the accident, the car insurance was renewed online.