house-attack

TOPICS COVERED

പതിനേഴു വയസുള്ള വിദ്യാര്‍ഥിയുടെ കഞ്ചാവുപയോഗം രക്ഷിതാക്കളെ അറിയിച്ചതിന് വീടാക്രമിച്ചെന്ന് പഞ്ചായത്തംഗം. പത്തനംതിട്ട ഏറത്ത് പഞ്ചായത്ത് അംഗം രമണന്‍റെ വീടാണ് കഞ്ചാവ് സംഘം ആക്രമിച്ചത്. പഞ്ചായത്ത് അംഗം വിദ്യാര്‍ഥിയെ ആക്രമിച്ചെന്നാണ് കുടുംബത്തിന്‍റെ പരാതി.

 

പത്തനംതിട്ട ഏറത്ത് പഞ്ചായത്ത് അംഗം വയലാ സ്വദേശി രമണന്‍റെ വീടാണ് കഴിഞ്ഞ രാത്രി ഒരുസംഘം അടിച്ചു തകര്‍ത്തത്. ജനല്‍ ചില്ലുകളും പുറത്തുണ്ടായിരുന്ന ഫര്‍ണിച്ചറുകളും തകര്‍ത്തു. മേഖലയില്‍ ലഹരി ഉപയോഗം വ്യാപകമാകുന്നതായി നാട്ടുകാരുടെ പരാതി ഉണ്ടായിരുന്നു. ഇതില്‍ ഉള്‍പ്പെട്ട പതിനേഴുകാരന്‍റെ വിവരം രക്ഷിതാക്കളെ അറിയിച്ചു. തുടര്‍ന്ന് കഞ്ചാവ് സംഘം വീടാക്രമിച്ചു. മകനെതിരെ പൊലീസില്‍ പരാതി നല്‍കിയത് എന്തിനെന്ന് ചോദിച്ച് രക്ഷിതാക്കളും തനിക്കെതിരെ തിരിഞ്ഞെന്ന് രമണന്‍ പറയുന്നു. 

ലഹരി ഉപയോഗിച്ചെന്ന് ആരോപണം ഉയര്‍ന്ന പതിനേഴുകാരനെ രക്ഷിതാക്കള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദ്യാര്‍ഥിയെ പഞ്ചായത്ത് അംഗം മര്‍ദിച്ചു എന്നാണ് കുടുംബത്തിന്‍റെ ആരോപണം. കഴിഞ്ഞ ദിവസം ഓണപ്പരിപാടികള്‍ക്കിടയില്‍ വീടാക്രമിച്ച യുവാക്കളും രമണനുമായി തര്‍ക്കമുണ്ടായി. പതിനേഴുകാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷമാണ് വീടാക്രമിച്ചത്. ഏനാത്ത് പൊലീസ് അന്വേഷണം തുടങ്ങി.

ENGLISH SUMMARY:

Pathanamthitta house attack case