pulsar-release

നടിയെ ആക്രമിച്ച കേസിൽ ഏഴര വർഷത്തിന് ശേഷം ജാമ്യം ലഭിച്ച ഒന്നാംപ്രതി പൾസർ സുനി പുറത്തിറങ്ങി. സുപ്രീംകോടതി ഉത്തരവനുസരിച്ച് രാവിലെ വിചാരണ കോടതിയിൽ ഹാജരാക്കിയ സുനിക്ക് കർശന ജാമ്യവ്യവസ്ഥകൾ ഏർപ്പെടുത്തി. പ്രോസിക്യൂഷന്റെ ആവശ്യം അംഗീകരിച്ച് പ്രതിയുടെ സുരക്ഷ ഉറപ്പാക്കാൻ എറണാകുളം റൂറൽ എസ്പിക്ക് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി നിർദേശം നൽകി.

 

പ്രതി എറണാകുളം സെഷൻസ് കോടതി പരിധി വിട്ടുപോകരുത്. സാക്ഷികളെ സ്വാധീനിക്കരുത്. മറ്റ് പ്രതികളെ ബന്ധപ്പെടരുത്. മാധ്യമങ്ങളോട് സംസാരിക്കുന്നതിനും പൾസർ സുനിക്ക് കോടതി വിലക്ക് ഏർപ്പെടുത്തി. ഒരു സിം മാത്രമെ ഉപയോഗിക്കാവൂ. അതിന്റെ വിവരം കോടതിയിൽ നൽകണം.  രണ്ട് ആൾ ജാമ്യത്തിന് പുറമെ ഒരു ലക്ഷം രുപയുടെ ബോണ്ടും കെട്ടിവയ്ക്കണമെന്നും കോടതി ഉത്തരവിട്ടു. ജാമ്യം അതിജീവിതയുടെ സുരക്ഷിതത്വത്തെയും സ്വകാര്യതയേയും ബാധിക്കരുതെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.  

കർശന ജാമ്യവ്യവസ്ഥകൾക്ക് പുറമെ പൾസർ സുനിയുടെ ജീവനും സംരക്ഷണം വേണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെടുകയായിരുന്നു.സുനിയുടെ ജീവന് ഭീഷണിയുണ്ടാകാമെന്ന പ്രോസിക്യൂഷൻ വാദത്തിന് ഇതെന്തുകോണ്ട് സുപ്രീംകോടതിയിൽ പറഞ്ഞില്ലെന്ന് കോടതി ചോദിച്ചു. പിന്നീട് ജാമ്യവ്യവസ്ഥകൾക്കൊപ്പം സുനിയുടെ സംരക്ഷണം ഉറപ്പാക്കാൻ എറണാകുളം റുറൽ എസ്.പിയോട് കോടതി നിർദേശിക്കുകയായിരുന്നു. നടിയെ ആക്രമിച്ച കേസിൽ കഴിഞ്ഞ 17നാണ് സുപ്രീംകോടതി പൾസർ സുനിക്ക് ജാമ്യം അനുവദിച്ചത്. 2017 ഫെബ്രുവരി 23 മുതൽ ജയിലിലായ സുനി ഏഴര വർഷത്തിന് ശേഷമാണ് പുറത്തിറങ്ങുന്നത്.

ENGLISH SUMMARY:

Actor assault case: Sessions court grants bail to Pulsar Suni, released