കൊല്ലത്ത് പത്തൊൻപത് വയസ്സുള്ള യുവാവിനെ പെൺസുഹൃത്തിന്റെ അച്ഛൻ കുത്തിക്കൊന്നത് ദുരഭിമാനക്കൊലയെന്ന് ആരോപണം. ഇരവിപുരം സ്വദേശിയായ അരുണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് കൊലപ്പെടുത്തിയതെന്ന് അരുണിന്റെ വീട്ടുകാർ പറഞ്ഞു. പൊലീസിൽ കീഴടങ്ങിയ പെൺകുട്ടിയുടെ അച്ഛൻ പ്രസാദിനെ അറസ്റ്റ് ചെയ്തു.
ഇരവിപുരം സ്വദേശികളായ 18 വയസ്സുള്ള പെൺകുട്ടിയും 19 കാരനായ അരുണും തമ്മിലുള്ള പ്രണയം പെൺകുട്ടിയുടെ അച്ഛൻ പ്രസാദ് എതിർത്തിരുന്നു. കുരീപ്പുഴ ഇരട്ടക്കടയിലെ പ്രസാദിന്റെ ബന്ധു വീട്ടിലെത്തിയ അരുണിനെ പെൺകുട്ടിയുടെ മുന്നിലിട്ടാണ് പ്രസാദ് കുത്തിയത്. അരുണിനെ പ്രസാദ് വിളിച്ചുവരുത്തി കൊലപ്പെടുത്തിയെന്നാണ് അരുണിന്റെ വീട്ടുകാർ പറയുന്നത്. അരുണിനൊപ്പം ഉണ്ടായിരുന്ന ആൾഡ്രിനെയും പ്രസാദ് കൊല്ലാൻ ശ്രമിച്ചു.
അരുണിനെ അന്വേഷിച്ച് പ്രസാദ് ഇന്നലെ വൈകിട്ട് വീട്ടിലെത്തിയിരുന്നതായി അരുണിന്റെ അച്ഛൻ മനോരമ ന്യൂസിനോട് പറഞ്ഞു. പ്രായപൂർത്തിയാകും മുമ്പ് പെൺകുട്ടി വീട്ടിൽ നിന്ന് ഇറങ്ങി വന്നതും , പ്രസാദിന്റെ ഭീഷണിയും ഉൾപ്പെടെ നിരവധി പരാതികൾ വന്നപ്പോൾ ഇരവിപുരം പൊലീസ് പലപ്രാവശ്യം ഇടപെട്ടതാണ്. വിദേശത്ത് ജോലിക്ക് പോയ അരുണിനെ ജീവിക്കാൻ അനുവദിച്ചില്ല. കൊലപാതകത്തിന് ശേഷം ശക്തികുളങ്ങര പൊലീസിൽ കീഴടങ്ങുകയായിരുന്നു പ്രസാദ്