honey-rose-41
  • നടി ഹണി റോസിനെതിരായ സൈബര്‍ ആക്രമണത്തില്‍ ഒരാള്‍ അറസ്റ്റില്‍
  • കുമ്പളം സ്വദേശി ഷാജിയാണ് അറസ്റ്റിലായത്
  • സ്ത്രീത്വത്തെ അപമാനിച്ചയാള്‍ക്കെതിരായ പോസ്റ്റിന് പിന്നാലെയാണ് സൈബര്‍ ആക്രമണം

നടിക്കെതിരായ സൈബര്‍ ആക്രമണക്കേസില്‍ ഒരാള്‍ അറസ്റ്റില്‍. അശ്ലീല കമന്‍റിട്ട കുമ്പളം സ്വദേശി ഷാജിയെയാണ് സെന്‍ട്രല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. നടിയുടെ പരാതിയില്‍ മുപ്പത് പേര്‍ക്കെതിരെയാണ് ലൈംഗിക അതിക്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിപൊലീസ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചയാള്‍ക്കെതിരെ മുന്നറിയിപ്പ് പോസ്റ്റിട്ടതിന് പിന്നാലെയായിരുന്നു നടിക്കെതിരായ സൈബര്‍ ആക്രമണം. സമൂഹമാധ്യമത്തിലെ പോസ്റ്റിന് കീഴെ അശ്ലീല കമന്‍റുകള്‍ നിറഞ്ഞതോടെ നടി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. അശ്ലീല കമന്‍റിട്ട മുപ്പത് പേര്‍ക്കെതിരെയാണ് നടി കൊച്ചി സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി പരാതി നല്‍കിയത്. പോസ്റ്റിട്ടതിന്‍റെ സ്ക്രീന്‍ഷോട്ടുകളും പ്രൊഫൈല്‍ വിവരങ്ങളും സഹിതമാണ് നടി പരാതി നല്‍കിയത്.

 

 

സ്ത്രീത്വത്തെ അപമാനിച്ചയാൾക്കെതിരെ വിമർശനവും നിയമനടപടിയുടെ മുന്നറിയിപ്പുമായി നടി ഹണി റോസ്. പണത്തിന്റെ ധാർഷ്ട്യത്തിൽ ഏത് സ്ത്രീയേയും അപമാനിക്കാമെന്ന് കരുതരുതെന്നും  സ്ത്രീത്വത്തെ അപമാനിച്ച് തന്റെ പേര് മാധ്യമങ്ങളിലൂടെ പറയുന്നയാൾക്കെതിരായ കുറ്റകൃത്യങ്ങൾ പ്രഥമദൃഷ്ട്യാ നിലനിൽക്കുന്നതാണെന്നും ഹണി റോസ് ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. അപമാനവും അധിക്ഷേപവും തുടർന്നാൽ നിയമനടപടിയെടുക്കുമെന്ന് ഹണി റോസ് മനോരമ ന്യൂസിനോട് പറഞ്ഞു.

മാനസിക വൈകൃതം ഉള്ളവരുടെ  പുലമ്പലുകളെ പുച്ഛത്തോടെയും സഹതാപത്തോടെയും അവഗണിക്കാറാണ് പതിവ്. എന്നാൽ തനിക്ക് പ്രതികരണശേഷി ഇല്ലെന്നല്ല അതിനർഥം .ദ്വയാർഥപ്രയോഗങ്ങളിലൂടെ മനപ്പൂർവം അപമാനിക്കാൻ ശ്രമിക്കുമ്പോഴും പ്രതികരിക്കാത്തത് അത് ആസ്വദിക്കുന്നത് കൊണ്ടാണോ എന്ന അടുപ്പം ഉള്ളവരുടെ ചോദ്യം മുൻനിർത്തി തന്നെ നിരന്തരം അപമാനിച്ചയാൾക്ക് ശക്തമായ താക്കീത് നൽകുകയാണ് ഹണിറോസ്. അപമാനവും അധിക്ഷേപവും തുടർന്നാൽ ശക്തമായ നിയമനടപടി ഉണ്ടാകുമെന്ന് തന്നെ അപമാനിച്ചയാൾക്ക് മുന്നറിയിപ്പ് നൽകിയെന്നും ഇക്കാര്യം തുറന്നുപറഞ്ഞില്ലെങ്കിൽ സമൂഹത്തിന് മോശം സന്ദേശം നൽകുമെന്ന് തോന്നിയെന്നും ഹണി റോസ് മനോരമ ന്യൂസിനോട് പറഞ്ഞു.

ഇതേ വ്യക്തി ക്ഷണിച്ച ഉദ്ഘാടന ചടങ്ങിൽ മുൻ അനുഭവം കാരണം പങ്കെടുക്കാത്തതിനാലാണ് തന്നെ അപമാനിക്കുന്നത്. എന്നാൽ ഒരാളുടെ വ്യക്തി സ്വാതന്ത്ര്യത്തിന്റെ വ്യാഖ്യാനത്തിൽ മറ്റൊരാളുടെ വ്യക്തിസ്വാതന്ത്ര്യത്തെ അപമാനിക്കാൻ ഉള്ള സ്വാതന്ത്ര്യം ഇല്ലെന്നും ഹണി റോസ് പറഞ്ഞു.

ENGLISH SUMMARY:

Cyber ​​attack on Actress Honey Rose: One arrested; case filed against 30 people