പത്തനംതിട്ട ഇളമണ്ണൂരില്‍ വിമുക്തഭടന്‍റെ നട്ടെല്ല് തല്ലിയൊടിച്ച സംഘത്തില്‍ സി.ആര്‍.പി.എഫ്. ഉദ്യോഗസ്ഥനുമുണ്ടെന്ന് പരാതി. ഇളമണ്ണൂര്‍ സ്വദേശി അനീഷ്കുമാറിനാണ് ഓണദിവസം മര്‍ദനമേറ്റത്. സ്ഥിരം ആക്രമണക്കേസുകളിലെ പ്രതിയും കൂട്ടരുമാണ് ആക്രമിച്ചത്.
അടൂര്‍ മേഖലയിലെ സ്ഥിരം അക്രമിയായ ജിക്കുവും സംഘവുമാണ് വിമുക്തഭടനെ ആക്രമിച്ചത്. രാത്രി സംശയകരമായി കണ്ടത് ചോദ്യം ചെയ്തതിന് ആയിരുന്നു ആക്രമണം. ജിക്കുവും കാറിലുണ്ടായിരുന്ന മറ്റ് നാലുപേരും ചേര്‍ന്നാണ് ആക്രമിച്ചത്. ആദ്യം പട്ടികക്കഷണം കൊണ്ടും പിന്നെ ഇരുമ്പു വടികൊണ്ടും ആക്രമിച്ചു. അടിയേറ്റ് അനീഷ്കുമാറിന്‍റെ നട്ടെല്ല് പൊട്ടി, നാല് വാരിയെല്ലിനും കാലിനും പൊട്ടലുണ്ട്. അക്രമി സംഘത്തില്‍പ്പെട്ട ജിക്കു, അംജത്, അഭിനന്ദ് എന്നീ മൂന്ന് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. സംഘത്തിലുണ്ടായിരുന്ന സിആര്‍പിഎഫ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തില്ലെന്നും ആരോപണം ഉണ്ട്.
ഈ കേസില്‍ക്കൂടി പ്രതിയാവുന്നതോടെ ജിക്കു കാപ്പാപ്പട്ടികയില്‍പ്പെട്ടേക്കും. സിആര്‍പിഎഫ് ഉദ്യോഗസ്ഥന് പങ്കുണ്ടെന്നാണ് പ്രാഥമിക വിവരമെന്നും വിട്ടയച്ചതല്ല നോട്ടിസ് നല്‍കിയിട്ടുണ്ടെന്നും പൊലീസ് പറയുന്നു. അറസ്റ്റുണ്ടായില്ലെങ്കില്‍ ശക്തമായ സമരത്തിലേക്ക് നീങ്ങുമെന്നാണ് കെപിഎംഎസ് നേതാക്കളുടെ മുന്നറിയിപ്പ്.