പാറമട മാലിന്യം ഒഴുകിയിറങ്ങി കിണറുകളിലെ വെള്ളം മലിനമാകുന്നു എന്ന് നാട്ടുകാരുടെ പരാതി. കോന്നി പഞ്ചായത്തിലെ ആറ്, ഏഴ് വാർഡുകളിലായി പ്രവർത്തിക്കുന്ന കൊന്നപ്പാറ ചെങ്കുളം പാറമടയ്ക്കെതിരെയാണ് നാട്ടുകാരുടെ പരാതി. നാട്ടുകാരുടെ എതിർപ്പ് അവഗണിച്ച് പഞ്ചായത്ത് ഒരു മാസത്തേക്ക് കൂടി പാറമടയുടെ പ്രവർത്തന അനുമതി നീട്ടി നൽകിയിരുന്നു.
പാറ പൊട്ടിക്കുന്ന വെടിമരുന്ന് കലർന്ന വെള്ളവും പാറപ്പൊടിയും വനത്തിലൂടെ ഒഴുകി വരുന്ന തോട്ടിൽ ഒഴുക്കിവിടുന്നു എന്നാണ് നാട്ടുകാരുടെ പരാതി. കനത്ത മഴപെയ്താൽ മാലിന്യം പറമ്പിൽ ഒഴുകി പരക്കുന്നുവെന്നും കിണറുകളിൽ നിറയുന്നുവെന്നും നാട്ടുകാർ പറയുന്നു. കുടിവെളള ക്ഷാമം രൂക്ഷമായ പ്രദേശത്ത് ആളുകൾ കുളിക്കാനും കുടിക്കാനും ഉൾപെടെ ഉപയോഗിക്കുന്ന വെള്ളമാണ് തോട്ടിലേത്. തോട്ടിലൂടെ ഒഴുകുന്ന വെള്ളം ഒട്ടേറെ കുടിവെളള പദ്ധതികൾ ഉള്ള അച്ചൻ കോവിലാറ്റിലേക്കാണ് എത്തുന്നത്.
പഞ്ചായത്ത് സെക്രട്ടറി, തഹസിൽദാർ, മൈനിങ് ആൻഡ് ജിയോളജി വകുപ്പ്,മലിനീകരണ നിയന്ത്രണ ബോർഡ് തുടങ്ങി കലക്ടർ വരെയുള്ളവർക്ക് പരാതി നൽകിയിട്ടും കാര്യമുണ്ടായില്ല. കഴിഞ്ഞ മാസം 31വരെയായിരുന്നു പാറമടയുടെ ലൈസൻസ്. ഒരു മാസം കൂടി പരിസ്ഥിതി സർട്ടിഫിക്കറ്റിന്റെ കാലാവധി ഉണ്ടെന്ന കാരണം പറഞ്ഞാണ് പഞ്ചായത്ത് ലൈസൻസ് നീട്ടി കൊടുത്തത്. പഞ്ചായത്തിന്റെ അധീനതയിലുള്ള റോഡ് കയ്യേറി ക്വാറി ഉടമ ഗേറ്റ് സ്‌ഥാപിച്ചതായും പഞ്ചായത്ത് യാതൊരു നടപടി എടുക്കുന്നില്ലെന്നും ആരോപണം ഉണ്ട്. നാട്ടുകാരുടെ പരാതിയിൽ പഞ്ചായത്തില്‍ വിജിലൻസ് അന്വേഷണം നടക്കുന്നുണ്ട്.