raja-encounter

തമിഴ്നാട്ടില്‍ വീണ്ടും ഏറ്റുമുട്ടല്‍ കൊലപാതകം. കുപ്രസിദ്ധ ഗുണ്ടാനേതാവ് സീസിങ് രാജയെയാണ് പൊലീസ് വെടിവച്ച് കൊന്നത്. മൂന്ന് മാസത്തിനിടെ തമിഴ്നാട്ടില്‍ ഇത് മൂന്നാമത്തെ ഏറ്റുമുട്ടല്‍ കൊലയാണ്.

 

ബിഎസ്പി നേതാവായിരുന്ന ആംസ്ട്രോങ്ങിനെ വധിച്ച കേസിലെ പ്രതികളിലൊരാളാണ് സീസിങ് രാജ. ആന്ധ്രയില്‍ ഒളിവിലായിരുന്ന ഇയാളെ ഇന്നലെയാണ് അറസ്റ്റ് ചെയ്തത്. ചെന്നൈയിലേക്ക് കൊണ്ടുംപോകും വഴി നീലാങ്കരയില്‍ വച്ചാണ് വെടിവെപ്പുണ്ടായത്. പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍  ശ്രമിച്ചപ്പോള്‍ വെടിവയ്ക്കേണ്ടി വന്നെന്നാണ് പൊലീസ് ഭാഷ്യം. വെടിയേറ്റ് വീണ ഇയാളെ റോയാപ്പേട്ടിലെ ഗവണ്‍മെന്റ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

5 കൊലപാതവും 7 വധശ്രമവുമടക്കം മുപ്പതിലധികം കേസുകളില്‍ പ്രതിയാണ് ഇയാള്‍. ഒരു പ്രൈവറ്റ് ബാങ്കിന് വേണ്ടി വായ്പാതിരിച്ചടവ് മുടക്കുന്നവരില്‍ നിന്ന് വണ്ടി പിടിച്ചെടുക്കുന്ന ആളായിട്ടായിരുന്നു രാജയുടെ തുടക്കം. ‍ സീസിങ് രാജയെന്ന പേര് വന്നതും ഇങ്ങനെ. പിന്നെ അധികം വൈകാതെ കാഞ്ചീപുരത്തും ആന്ധ്രയിലുമെല്ലാം രാജ വളര്‍ന്ന് പന്തലിച്ചു. പൊലീസിന് വന്‍ തലവേദനയായിരുന്ന ഇയാള്‍ എ പ്ലസ് കാറ്റഗറി ഗൂണ്ടയാണ്. എ.അരുണ്‍ ചെന്നൈ കമ്മിഷണറായതിന് ശേഷം നടക്കുന്ന മൂന്നാമത്തെ ഏറ്റുമുട്ടല്‍ കൊലപാതകമാണ് സീസിങ് രാജയുടേത് എന്നതും ശ്രദ്ധേയം. ഗുണ്ടകള്‍ക്ക് മനസിലാകുന്ന ഭാഷയില്‍ പ്രതികരിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു. നേരത്തെ ആംസ്ട്രോങ് കൊലപാതകക്കേസിലെ മറ്റൊരു പ്രതി തിരുവെങ്കിടവും പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞയാഴ്ചയാണ് കാക്കത്തോപ്പ് ബാലാജി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്.

ENGLISH SUMMARY:

Notorious gang leader Seesingh Raja was killed in a police encounter