പാലായില്‍ മദ്യപിച്ച് ലോറിയോടിച്ച ഡ്രൈവര്‍ 2 യുവാക്കളെ ഇടിച്ചു തെറിപ്പിച്ച അപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്. സമീപത്തുണ്ടായിരുന്ന യുവാവ് പകര്‍ത്തിയ ദൃശ്യങ്ങളാണ് പുറത്തായത്. യുവാക്കളുടെ സ്കൂട്ടര്‍ ഇടിച്ചിട്ട ശേഷം നിരക്കിക്കൊണ്ടുപോയി. നിർത്താതെ പോയ ലോറി 8 കിലോമീറ്റര്‍ അകലെ മരങ്ങാട്ടുപള്ളിയ്ക്ക് സമീപം പോസ്റ്റിലിടിച്ചാണ് നിര്‍ത്തിയത്. ഇറങ്ങിയോടിയ ഡ്രൈവറെ പിടികൂടിയില്ല. യുവാക്കള്‍ അപകടനില തരണംചെയ്തു.

അർദ്ധരാത്രിയോടെ പാലാ ബൈപ്പാസിലാണ് മേവിട സ്വദേശികളായ അലൻ കുര്യൻ,നോബി എന്നിവരെ ഇടിച്ചിട്ട ലോറി നിർത്താതെ പോയത്. എറണാകുളം റൂട്ടിൽ മരങ്ങാട്ടുപള്ളി വരെ ഓടിയ ലോറി ഇല്ലിക്കൽതാഴെ വളവിൽ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് നിന്നു. പാലാ ബൈപ്പാസ് റോഡിൽ സംസാരിച്ചു നിൽക്കുകയായിരുന്ന യുവാക്കളിൽ ഒരാളുടെ കാലിലൂടെ ലോറി കയറിയിറങ്ങി. മറ്റൊരാൾക്കും ഗുരുതര പരുക്കുണ്ട്. 

ലോറിയുടെ ക്യാബിനുളിൽ നിന്ന് മദ്യക്കുപ്പികളും ഛർദിലും കണ്ടെത്തി. മരങ്ങാട്ടുപള്ളിയിൽ ഇടിച്ചുനിർത്തിയ ലോറിയിൽ നിന്ന് ഇറങ്ങി ഓടിയ ഡ്രൈവറെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. വാഹനം പാലാ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്കൂട്ടറിന്റെ ബോഡി റോഡിൽ ഉരഞ്ഞ് തീപ്പൊരി ചിതറിയതോടെ വഴിയിലുണ്ടായിരുന്ന ആളുകൾ ഒച്ചവച്ചെങ്കിലും വാഹനം നിർത്താതെ പോയതായി ദൃക്സാക്ഷികൾ പറയുന്നുങ്കിലും ലോറി നിർത്തിയില്ല. 8 കിലോമീറ്ററോളം റോഡിൽ ഒരഞ്ഞ സ്കൂട്ടർ പൂർണ്ണമായും നശിച്ചു. ലോറിയിൽ ഉണ്ടായിരുന്നവർ മദ്യപിച്ചിരുന്നതായാണ് പൊലീസ് പറയുന്നുണ്ട്.

ENGLISH SUMMARY:

The footage of the accident in Pala where a drunken lorry driver hit 2 youths is out