ആലപ്പുഴയിൽ സർക്കാർ ഡെന്റല്‍ കോളജിൽ പല്ല് റൂട്ട് കനാൽ ചെയ്ത പെൺകുട്ടിയുടെ വായിൽ സൂചി കണ്ടെത്തി. ആലപ്പുഴ പുറക്കാട് സ്വദേശിനിയായ സ്കൂൾ വിദ്യാർത്ഥി ആർദ്രയാണ് അനാസ്ഥ മൂലം ദുരിതമനുഭവിച്ചത്. ചികിൽസാ പിഴവിനെതിരെ കുടുംബം പൊലീസിൽ പരാതി നൽകി.
ആർദ്രയെന്ന ഒൻപതാം ക്ലാസുകാരി. ആലപ്പുഴ പുറക്കാട് കമ്മത്തിപ്പറമ്പ് മഠം വീട്ടിൽ ഗിരീഷിന്റെ മകൾ. ആലപ്പുഴ വണ്ടാനത്തെ ഗവൺമന്റ് ഡെന്റല്‍ കോളജിലായിരുന്നു ആർദ്ര ഏതാനും നാൾ മുൻപ് പല്ലിന്റെ റൂട്ട് കനാൽ ചികിൽസ ചെയ്തത്. പിന്നീട് ഇടത് കവിളിൽ ശക്തമായ വേദനയും നീരും വന്നു. ശക്തമായ വേദന തുടർന്നതോടെ തോട്ടപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ എക്സ് റേ പരിശോധനയിലാണ് വായിൽ സൂചി ഉള്ളത് കണ്ടത്.
നിസാരമായ ഈ ചികിൽസയിൽ പോലും ഉണ്ടായ പിഴവിന് ദിവസങ്ങൾ വേദന അനുഭവിക്കേണ്ടി വന്നു ആർദ്രയ്ക്ക്. ഉത്തരവാദികളായ ഡോക്ടർക്കെതിരെ നടപടി വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. അമ്പലപ്പുഴ പൊലീസിലും ഡെന്റല്‍ കോളജ് പ്രിൻസിപ്പലിനും മാതാപിതാക്കൾ പരാതി നൽകി.