ബലാത്സംഗത്തെ ചെറുക്കാന്‍ ശ്രമിച്ച ആറുവയസ്സുകാരിയെ കൊലപ്പെടുത്തിയ സ്കൂള്‍ പ്രിന്‍സിപ്പല്‍ പൊലീസ് പിടിയില്‍. ഗുജറാത്തിലെ ദാഹോദിലാണ് സംഭവം. ആറുവയസ്സുകാരിയുടെ മരണത്തില്‍ നടന്ന അന്വേഷണം ചെന്നെത്തിയത് നടുക്കുന്ന ചില വെളിപ്പെടുത്തലുകഴിലേക്ക്. 55കാരനായ ഗോവിന്ദ് നാഥ് എന്ന സ്കൂള്‍ പ്രിന്‍സിപ്പലാണ് പിടിയിലായിരിക്കുന്നത്.
ഒന്നാം ക്ലാസുകാരിയുടെ ബാഗും ചെരിപ്പും ക്ലാസ്മുറിക്കു സമീപം വച്ച് മൃതദേഹം ഇയാള്‍ സ്കൂള്‍ പരിസരത്തു തന്നെ ഉപേക്ഷിച്ചു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുട്ടി ശ്വാസംമുട്ടിയാണ് മരിച്ചതെന്ന് വ്യക്തമായി. ഗോവിന്ദ് നാഥിനൊപ്പമാണ് കുട്ടി എല്ലാ ദിവസവും സ്കൂളില്‍ പോയിരുന്നതെന്ന് അമ്മ വെളിപ്പെടുത്തി.
ഇതേക്കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥര്‍ ഗോവിന്ദ് നാഥിനോട് ചോദിച്ചപ്പോള്‍ കുട്ടിയെ സ്കൂളില്‍ ഇറക്കിവിട്ടതിനു ശേഷം താന്‍ മറ്റൊരു കാര്യത്തിനായി പോയി എന്നായിരുന്നു മറുപടി. ഗോവിന്ദ് നാഥിന്‍റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പൊലീസ് ഇയാളുടെ മൊബൈല്‍ ഫോണ്‍ ലൊക്കോഷന്‍ പരിശോധിച്ചു. സംഭവം നടന്ന അന്ന് ഇയാള്‍ പതിവിലും വൈകിയാണ് സ്കൂളില്‍ എത്തിയതെന്ന് കണ്ടെത്തി. വിശദമായ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു.
രാവിലെ 10.20 ഓടെ കുട്ടിയെ ഗോവിന്ദ് നാഥ് വീട്ടില്‍ നിന്ന് കൂടെകൂട്ടി. അമ്മയാണ് മകളെ കാറില്‍ കയറ്റിവിട്ടത്. പക്ഷേ അന്ന് കുട്ടി സ്കൂളില്‍ എത്തിയില്ല. സ്കൂളിലെ കുട്ടികളും അധ്യാപകരും ഇത് ശരിവയ്ക്കുന്ന മൊഴികളാണ് നല്‍കിയത്. സ്കൂളിലേക്കുള്ള വഴിമധ്യേ ഗോവിന്ദ് നാഥ് കുട്ടിയോട് മോശമായി പെരുമാറി. ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചതോടെ കുട്ടി ബഹളംവച്ചു. ഇതോടെ കുട്ടിയെ ശ്വാസം മുട്ടിക്കുകയായിരുന്നു പ്രതി ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കി.
സ്കൂളിലേക്കെത്തിയപ്പോള്‍ പ്രതി കുട്ടിയുടെ മൃതദേഹം കാറില്‍ തന്നെ വച്ചു. കാര്‍ ലോക്കാക്കി ഇയാള്‍ വൈകുന്നേരം വരെ കാത്തിരുന്നു. ഏകദേശം വൈകിട്ട് അഞ്ചോടെ സ്കൂളിനു സമീപം കുട്ടിയുടെ മൃതദേഹം ഉപേക്ഷിച്ചു. ബാഗും ചെരിപ്പും ക്ലാസ്മുറിയുടെ പുറത്തും. ശാസ്ത്രീയ പരിശോധനയ്ക്കൊടുവിലാണ് ഗോവിന്ദ് നാഥ് തന്നെയാണ് പ്രതിയെന്ന് ഉറപ്പാക്കിയതെന്നും പൊലീസ് അറിയിച്ചു.
നാണക്കേടുണ്ടാക്കുന്ന സംഭവമായിപ്പോയി ഇതെന്നാണ് വിദ്യാഭ്യാസ മന്ത്രി വിഷയത്തില്‍ പ്രതികരിച്ചത്. കുട്ടിയുടെ മരണം വേദനയുളവാക്കുന്നതാണ്. പ്രതി അറസ്റ്റിലായിട്ടുണ്ട്. ഇത്തരം കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.