police-bsnl

TOPICS COVERED

ഹൈക്കോടതി മുൻ‌കൂർ ജാമ്യാപേക്ഷ തള്ളിയതോടെ ഒളിവിൽ പോയ സിദ്ദിഖിനായി പൊലീസ് ഇരുട്ടിൽ തപ്പുകയാണ്. സിദിഖിനെ കണ്ടെത്താൻ പലയിടത്തും അന്വഷണ സംഘം പരിശോധന നടത്തുന്നുണ്ട്. ആലുവ കുട്ടമശേരിയിൽ സിദിഖിന്റെ വീട്ടിലേക്ക് പൊലീസ് സംഘം എത്തിയത് വേഷം മാറിയാണ്. ബിഎസ്എന്‍എല്ലിന്റെ ബോർഡ് വച്ച ബൊലേറോ വാഹനത്തിലാണ് ആറ് പേർ അടങ്ങുന്ന പൊലീസ് ഉദ്യോഗസ്‌ഥർ എത്തിയത്. 

ബിഎസ്എന്‍എല്‍ ഓഫീസിൽ നിന്നും ഇത്രയധികം ഉദ്യോഗസ്‌ഥർ എത്തിയത് എന്തിനെന്ന മനോരമ ന്യൂസ് സംഘത്തിന്റെ ചോദ്യത്തിൽ പൊലീസ് പതറി. ഫൈബർ പരിശോധിക്കാൻ വന്നതാണെന്ന് മറുപടി പറഞ്ഞു ഒഴിഞ്ഞു മാറാൻ ശ്രമിച്ചു. പക്ഷെ എത്രയൊക്കെ വേഷം മാറിയിട്ടും ഒരു കാര്യം മറച്ചു വയ്ക്കാൻ മറന്നു. കേരള പൊലീസിന്റെ ടാഗ് ഉള്ള ഐഡന്റിറ്റിറ്റി കാർഡ് കയ്യിൽ പിടിച്ചാണ് വാഹനത്തിന് പുറത്തു ഒരു പൊലീസ് ഉദ്യോഗസ്ഥ നിന്നത്. അത് ചൂണ്ടിക്കാണിച്ചതോടെ വാഹനത്തിലെ ബിഎസ്എന്‍എല്‍ ബോർഡ് ഒക്കെ മാറ്റി സിദിഖിനെ കുറിച്ചായി സംസാരം. 

വീട്ടിലേക്കുള്ള ഗേറ്റ് അകത്തു നിന്ന് പൂട്ടിയിരിക്കുന്നതിനാൽ പൊലീസുകാർക്ക് അകത്തേക്ക് കയറാൻ കഴിഞ്ഞില്ല. മതിലു ചാടാൻ ഉദ്യോഗസ്ഥർ ശ്രമം നടത്തിയെങ്കിലും മാധ്യമങ്ങളിൽ ട്രോൾ ആകുമെന്ന് ഭയന്ന് പിന്മാറി. മേൽ ഉദ്യോഗസ്ഥനോട് ഫോണിൽ കാര്യങ്ങൾ ധരിപ്പിച്ച ശേഷം സംഘം സ്ഥലം വിട്ടു. ആലുവയിലെ വീട്ടിൽ പല തവണ എത്തിയ അന്വഷണ സംഘം വീടിനുള്ളിലേക്ക് കടന്ന് ഒരുവട്ടം പോലും പരിശോധന നടത്തിയിട്ടില്ല