ആരില്‍ നിന്നെങ്കിലും ലൈംഗിക അതിക്രമം നേരിട്ടാല്‍ ഉടനടി സ്ത്രീകള്‍ പ്രതികരിക്കണമെന്നായിരുന്നു 2018 ല്‍ നടി ആക്രമിക്കപ്പെട്ട സമയത്ത് സിദ്ദിഖ് പ്രതികരിച്ചത്. അതിക്രമം ഉണ്ടാകുന്ന നിമിഷം കരണം നോക്കി അടിക്കാന്‍ ധൈര്യം കാണിക്കണമെന്നും ആ സെക്കന്‍റില്‍ പ്രതികരിക്കണമെന്നുമായിരുന്നു കെ.പി.എ.സി ലളിതയ്ക്കൊപ്പമിരുന്നുള്ള വാര്‍ത്താസമ്മേളനത്തില്‍ സിദ്ദിഖ് രോഷം കൊണ്ടത്. പുരുഷന്‍മാരെല്ലാം സ്ത്രീകളുടെ ശത്രുക്കളാണെന്ന് വിചാരിക്കരുതെന്നും സിനിമയ്ക്കകത്ത് മുഴുവന്‍ പീഡനമാണെന്ന് കരുതരുതെന്നും സിദ്ദിഖ് അന്ന് പറഞ്ഞിരുന്നു. പൊലീസില്‍ പരാതിപ്പെടേണ്ട കാര്യങ്ങള്‍ പൊലീസില്‍ പരാതിപ്പെടണമെന്നും 20 കൊല്ലം കഴിഞ്ഞ് വെളിപ്പെടുത്താന്‍ നില്‍ക്കരുതെന്നുമായിരുന്നു സിദ്ദിഖിന്‍റെ പ്രതികരണം.
2018 ലെ വാര്‍ത്താസമ്മേളനത്തില്‍ സിദ്ദിഖ് പറഞ്ഞതിങ്ങനെ..'മീ റ്റൂ നല്ല ക്യാംപെയ്ന്‍ ആണ്. കേരളത്തിലെ സിനിമ നടികള്‍ക്ക് മാത്രമല്ല, എല്ലാ പെണ്‍കുട്ടികള്‍ക്കും നല്ലതാണ്. എനിക്കെതിരെ ഒരാള്‍ ഒരു കാര്യം ചെയ്താല്‍ ഞാന്‍ അയാളുടെ പേര് വെളിപ്പെടുത്തണമെന്ന് ഒരു പെണ്‍കുട്ടി തീരുമാനിക്കുന്നത് നല്ല കാര്യമാണ്. 20 കൊല്ലം കാത്തിരിക്കണമെന്നില്ല. അപ്പോള്‍ അടിക്കണം കരണം നോക്കി..ആ സമയത്ത് പേര് വെളിപ്പെടുത്താനുള്ള ധൈര്യം കാണിക്കണം. അന്ന് ധൈര്യമുണ്ടായില്ല, 20 കൊല്ലം കഴിഞ്ഞ് ഇന്ന് കുറച്ച് ധൈര്യം വന്നുവെന്ന് പറയാന്‍ നില്‍ക്കരുത്. Also Read: ഗോവിന്ദന്‍കുട്ടീ നീ പെട്ടോ?
എല്ലാ പെണ്‍കുട്ടികളോടുമൊപ്പം കേരള ജനത മുഴുവനുമുണ്ടാകും. ആക്രമിക്കപ്പെടുന്ന ആ സെക്കന്‍റില്‍ പ്രതികരിക്കാന്‍ ശ്രമിക്കണമെന്നാണ് എന്‍റെ അപേക്ഷ. ഈ പുരുഷന്‍മാരെല്ലാം സ്ത്രീകളുടെ ശത്രുക്കളാണെന്ന് വിചാരിക്കരുത്. അല്ലെങ്കില്‍ സിനിമയ്ക്കകത്ത് മുഴുവന്‍ ഇങ്ങനെ പീഡനം നടക്കുകയാണെന്ന് വിശ്വസിക്കരുത്. വളരെ ഒറ്റപ്പെട്ട സംഭവങ്ങളുണ്ടാകുമ്പോള്‍ അതിനെതിരെ നടപടികളെടുക്കുന്നുണ്ട്. അറിവ് കിട്ടിയാല്‍ കേസാക്കേണ്ടത് കേസാക്കുന്നുണ്ട്. എന്താണിവര്‍ പൊലീസില്‍ പരാതിപ്പെടാത്തത്? പൊലീസില്‍ പരാതിപ്പെടേണ്ട കാര്യം പൊലീസില്‍ പരാതിപ്പെടണം'. Read More: 'നീ പുറത്ത് പറഞ്ഞാല്‍ എനിക്ക് പുല്ലാണ്'..അന്ന് സിദ്ദിഖ് പറഞ്ഞത്
അതേസമയം, ബലാൽസംഗക്കേസിൽ ഒരു പകലും രാത്രിയും പിന്നിട്ടിട്ടും കണ്ടെത്താനാകാതെ അന്വേഷണസംഘം നെട്ടോട്ടമോടുമ്പോള്‍ സിദ്ദിഖ് വീണ്ടും ‘റെയ്ഞ്ചിലെത്തി’. രണ്ടുദിവസമായി ഓഫായിരുന്ന സിദ്ദിഖിന്‍റെ ഫോണ്‍ വീണ്ടും റിങ് ചെയ്തു. റിങ്ങ് ചെയ്തപ്പോള്‍ ഫോണ്‍ ‘എന്‍ഗെയ്ജ്ഡ്’ ആക്കി.അതേസമയം, കേസില്‍ സിദ്ദിഖ് സുപ്രീം കോടതിയില്‍ ഇന്ന് ജാമ്യഹര്‍ജി നല്‍കിയേക്കും. അതേസമയം സിദ്ദിഖിന്‍റെ ജാമ്യാപേക്ഷയില്‍ തടസ്സഹര്‍ജി നല്‍കാന്‍ സംസ്ഥാന സര്‍ക്കാരും ഒരുങ്ങുകയാണ്. സിദ്ദിഖ് ഹര്‍ജി നല്‍കിയാല്‍ തന്റെ ഭാഗവും കേള്‍ക്കണമെന്നാവശ്യപ്പെട്ട് അതിജീവിതയും തടസഹര്‍ജി നല്‍കിയിട്ടുണ്ട്. അതിജീവിതയ്ക്കായി മുതിര്‍ന്ന അഭിഭാഷക ഹാജരാകും.
സിദ്ദിഖിനെ ബന്ധുക്കളുടെയും വീടുകളിലും പോകാൻ സാധ്യതയുള്ള ഇടങ്ങളിലും അന്വേഷിച്ചെങ്കിലും കണ്ടെത്തിയില്ല. സിദിഖ് കീഴടങ്ങുമെന്ന അഭ്യൂഹവും വെറുതെയായി. സംസ്ഥാനത്തിന് പുറത്തേക്ക് പോയതായും സൂചനയുണ്ട്. അറസ്റ്റ് ചെയ്യാൻ തീരുമാനിച്ച അന്വേഷണസംഘം സിദ്ദിഖിനായി ഇപ്പോഴും തിരച്ചിലിലാണ്. എന്നാൽ, കാടിളക്കി തിരഞ്ഞ് പിടിക്കേണ്ട സാഹചര്യമില്ലെന്നാണ് പൊലീസ് നിലപാട്. സുപ്രീംകോടതിയെ സമീപിച്ചാലും തിരിച്ചടിയല്ലെന്നാണ് പൊലീസിന്റെ അവകാശവാദം.