ബെംഗളൂരുവിൽ യുവതിയെ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി ഫ്രിജിൽ സൂക്ഷിച്ചശേഷം ജീവനൊടുക്കിയ പ്രതിയുടെ ഡയറിയില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍. യുവതി ഇയാളെ ശാരീരികമായും മാനസികമായും ഉപദ്രവിച്ചിരുന്നതായി കുടുംബം ആരോപിച്ചിരുന്നു. യുവാവില്‍ നിന്നും പണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും യുവതി തട്ടിയെടുത്തായും കുടുംബത്തിന് ആക്ഷേപമുണ്ട്.
ബുധനാഴ്ച രാവിലെയാണ് ബെംഗളൂരുവിലെ മഹാലക്ഷ്മി വധക്കേസിലെ മുഖ്യപ്രതിയായ 31കാരനെ ഒഡിഷയിലെ വീടിനു സമീപത്തെ മരത്തിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതിന് പിന്നാലെ യുവാവ് ഡയറിയിലെഴുതിയ ആത്മഹത്യാകുറിപ്പും കണ്ടെടുത്തു. മഹാലക്ഷ്മിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും പിന്നീട് കോടാലി ഉപയോഗിച്ച് കഷണങ്ങളായി മുറിക്കുകയുമായിരുന്നു എന്ന് ഡയറിയില്‍ പറയുന്നുണ്ട്. മഹാലക്ഷ്മിയെ കൊലപ്പെടുത്തിയ ശേഷം പ്രതി കുറ്റം സമ്മതിച്ചതായി ഇയാളുടെ സഹോദരനും പറഞ്ഞു.
‘കഴിഞ്ഞ കുറേ ദിവസങ്ങളായി എന്‍റെ സഹോദരന്‍ എന്നോടൊപ്പമുണ്ടായിരുന്നു. ഇതിനിടയില്‍ മഹാലക്ഷ്മിയെ കൊലപ്പെടുത്തിയതായി സമ്മതിക്കുകയും ചെയ്തു. അവൾ തന്നെ ഭീഷണിപ്പെടുത്താറുണ്ടെന്നും പണം തട്ടിയെടുക്കാറുണ്ടെന്നും എന്നോടുപറഞ്ഞിരുന്നു. സ്വർണ്ണ മോതിരവും വിലകൂടിയ മൊബൈൽ ഫോണും മാലയും അവള്‍ക്ക് വാങ്ങി നല്‍കാന്‍ നിര്‍ബന്ധിതനായി. പണം ആവശ്യപ്പെടുകയും നല്‍കിയില്ലെങ്കില്‍ മര്‍ദിക്കുകയും ചെയ്യാറുണ്ടായിരുന്നു. കഴിഞ്ഞ ഒന്നര വർഷമായി സഹോദരന്‍റെ സമ്പാദ്യമെല്ലാം മഹാലക്ഷ്മി അപഹരിക്കുകയായിരുന്നു. അവളെന്‍റെ കുടുംബം നശിപ്പിച്ചെന്ന് അദ്ദേഹം എപ്പോളും പറഞ്ഞിരുന്നെന്നും സഹോദരന്‍ വ്യക്തമാക്കി.
‘കേരളത്തിലേക്കുള്ള യാത്രയില്‍ തന്നെ തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ച് അവൾ അവനെ നാട്ടുകാരെക്കൊണ്ട് ക്രൂരമായി മര്‍ദിക്കുകയും പൊലീസിൽ ഏൽപ്പിക്കുകയും ചെയ്തു. 1000 രൂപ കൈക്കൂലി നൽകിയ ശേഷമാണ് വിട്ടയച്ചത്. യുവതിയുടെ സഹോദരനും സുഹൃത്തുക്കളും ചേർന്ന് എന്‍റെ സഹോദരനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. അതിനാലാണ് ദേഷ്യം കൊണ്ട് അവൻ അവളെ കൊന്നത്’ സഹോദരന്‍ പറഞ്ഞു. വീട്ടിലെത്തിയ സഹോദരന്‍ ബെംഗളൂരുവിൽ തന്‍റെ കൂടെ ജോലി ചെയ്തിരുന്ന പെൺകുട്ടിയെ താൻ കൊലപ്പെടുത്തിയെന്ന് അമ്മയോടും വെളിപ്പെടുത്തിയിരുന്നു.
ഇക്കാര്യങ്ങളെല്ലാം പ്രതി ഡയറിയില്‍ കുറിച്ചിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഒഡിയയിലും ഇംഗ്ലീഷിലുമായിരുന്നു കുറ്റകൃത്യത്തിന്‍റെ വിശദാംശങ്ങൾ ഇയാള്‍ ഡയറിയില്‍ എഴുതിയിരുന്നത്. സെപ്തംബർ മൂന്നിന് മഹാലക്ഷ്മിയെ കൊലപ്പെടുത്തി അന്നുതന്നെ കുറിപ്പെഴുതിയിരുന്നു. കുറ്റകൃത്യം ചെയ്ത ഉടൻ തന്നെ ജീവിതം അവസാനിപ്പിക്കാൻ പദ്ധതിയിട്ടെങ്കിലും നടന്നില്ല. തുടര്‍ന്ന് നാടുവിടുകയായിരുന്നു.
സെപ്തംബര്‍ 21 ശനിയാഴ്ചയാണ് മല്ലേശ്വരം വ്യാളിക്കാവല പൊലീസ് സ്റ്റേഷൻ പരിധിയിലെ വയലിക്കവൽ പൈപ്പ് ലൈൻ റോഡിലെ ഒറ്റമുറി ഫ്ലാറ്റിൽ 29 കാരിയായ മഹാലക്ഷ്മിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കൊലയ്ക്ക് ശേഷം മൃതദേഹം കഷണങ്ങളാക്കി ഫിജില്‍ സൂക്ഷിച്ച നിലയിലായിരുന്നു. ദിവസങ്ങളുടെ പഴക്കമുണ്ടായിരുന്നു മൃതദേഹത്തിന്. അടച്ചിട്ട വീട്ടില്‍നിന്ന് ദുര്‍ഗന്ധം വന്നപ്പോളാണ് കൊലപാതകം പുറത്തറിഞ്ഞത്. കുടുംബവഴക്കിനെ തുടർന്ന് ഭർത്താവിനെ ഉപേക്ഷിച്ച് ഒമ്പത് മാസം മുമ്പാണ് മഹാലക്ഷ്മി ബെംഗളൂരുവിലേക്ക് താമസം മാറിയത്.