ചാത്തൻസേവയുടെ മറവിൽ വീട്ടമ്മയെ പീഡിപ്പിച്ച ജ്യോത്സ്യൻ പ്രഭാത് കൂടുതൽ പേരെ തട്ടിപ്പിന് ഇരകളാക്കി. പ്രണയനൈരാശ്യത്തില്‍പ്പെട്ടവരും കുടുംബപ്രശ്നങ്ങള്‍ നേരിട്ടവരുമാണ് സമൂഹമാധ്യമങ്ങളിലെ പരസ്യം കണ്ട് തട്ടിപ്പിനിരയായത്. വശ്യകുങ്കുമം, വശ്യകണ്‍മഷി, വശ്യയന്ത്രം എന്നിങ്ങനെ വശീകരണപൂജകളുടെ പേരില്‍ ലക്ഷങ്ങളാണ് പ്രഭാത് തട്ടിയത്.
Read Also; സ്ത്രീകളെ വശീകരിക്കാന്‍ പൂജ; പ്രണയനൈരാശ്യത്തിനു പരിഹാരം; വന്‍തട്ടിപ്പ്
ഒല്ലൂര്‍ സ്വദേശിയായ പ്രഭാത് അഞ്ച് വര്‍ഷം മുന്‍പാണ് ചാത്തന്‍സേവ തുടങ്ങുന്നത്. തൃശൂരില്‍ ക്ഷേത്രം നിര്‍മിച്ച് ഇവിടെയായിരുന്നു പ്രധാനപ്പെട്ട പൂജകളെല്ലാം. സ്ത്രീ, പുരുഷ വശീകരണത്തില്‍ കേമനെന്ന നിലയില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചാരണം നല്‍കിയാണ് ഇരകളെ വലയിലാക്കിയത്. അതിപുരാതനവും രഹസ്യവുമായ മാന്ത്രികവശ്യകര്‍മങ്ങള്‍ക്ക് പുറമെ മാന്ത്രിക വിദ്യകളാല്‍ പൂജിച്ച വശ്യകുങ്കുമം, കണ്‍മഷി, യന്ത്രം ഭസ്മം, ലേപം എന്നിങ്ങനെ തട്ടിപ്പുകള്‍ പലവിധം. പരസ്യം കണ്ട് ജ്യോത്സ്യനെ സമീപിച്ചവരിലേറെയും കുടുംബപ്രശ്നങളും പ്രണയംനഷ്ടപ്പെട്ടവരുമടക്കം കടുത്ത മാനസിക സമ്മര്‍ദം നേരിട്ടവര്‍.
ഇവരുടെ അവസ്ഥയാണ് ജ്യോത്സ്യന്‍ മുതലെടുത്തത്. സ്ത്രീകളും പുരുഷന്‍മാരടക്കം നിരവധിപേര്‍ തട്ടിപ്പിനിരയായെന്നാണ് പൊലീസീന്‍റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്. ഓരോ പൂജകള്‍ക്കും ഈടാക്കിയിരുന്നത് അന്‍പതിനായിരം മുതല്‍ മുക്കാല്‍ലക്ഷത്തോളും രൂപ. തൊണ്ണൂറ് ദിവസത്തില്‍ ഫലപ്രാപ്തിയെന്നായിരുന്നു ജ്യോത്സ്യന്‍റെ വാഗ്ദാനം.
ജ്യോതിഷത്തിൽ മിടുക്കനാണ് പ്രഭാത് എന്ന് പൊലീസ് വൃത്തങ്ങൾ പറയുന്നു. പ്രഭാതിന്റെ ബന്ധുക്കളും ജ്യോതിഷം മേഖലയിൽ അറിയപ്പെടുന്നവരാണ്. തന്റെ പ്രത്യേക പൂജകൾ വഴി പ്രശ്നപരിഹാരങ്ങളുണ്ടാകുമെന്ന് ഇൻസ്റ്റഗ്രാം അടക്കമുള്ള സാമൂഹികമാധ്യമങ്ങളിൽ വഴി പ്രഭാത് പ്രചാരണം നൽകിയിരുന്നു. അങ്ങനെയാണ് തൃശൂർ സ്വദേശിനിയും പ്രഭാതിനെക്കുറിച്ച് അറിയുന്നത്. തുടർന്ന്, ഭർത്താവുമായുള്ള തർക്കത്തിനു പരിഹാരം കാണാനും കടബാധ്യത മാറ്റാനുമുള്ള വഴി തേടി ഈ വർഷമാദ്യം ഇവർ പ്രഭാതിനെ കണ്ടു. പ്രശ്നങ്ങളൊക്കെ കേട്ടതിനുശേഷം പൂജകൾ നടത്താമെന്ന് ഇയാൾ വ്യക്തമാക്കി. പിന്നാലെ വീട്ടമ്മ പണം നൽകുകയും പൂജയ്ക്കുള്ള തീയതി തീരുമാനിക്കുകയും ചെയ്തു. മേയ് മാസമൊടുവിൽ വീട്ടമ്മ കൂടി പങ്കെടുത്ത പൂജ നടക്കുകയും ചെയ്തു. എന്നാൽ കാര്യമായ മാറ്റമൊന്നും പൂജ കൊണ്ട് ഉണ്ടായില്ലെന്നു വീട്ടമ്മ അറിയിച്ചതിനെ തുടർന്ന് ചാത്തൻസേവ പോലുള്ള പൂജകള്‍ നടത്താമെന്ന് ഇയാൾ അറിയിക്കുകയായിരുന്നു.
ഇതിനായി കൊച്ചി ചക്കരപ്പറമ്പിലുള്ള കേന്ദ്രത്തിലേക്ക് പ്രഭാത് വീട്ടമ്മയെ ക്ഷണിച്ചു. ഇത്തരം പൂജകൾ നടത്തുമ്പോൾ മറ്റാരും ഉണ്ടാവാൻ പാടില്ലെന്നും ഇയാൾ നിർദേശിച്ചിരുന്നു എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ചാത്തൻസേവയുടെ മറവിൽ പ്രഭാത് വീട്ടമ്മയെ ലൈംഗികതാൽപര്യത്തോടെ സമീപിക്കുകയും അതിക്രമം നടത്തിയെന്നും പൊലീസ് വൃത്തങ്ങൾ പറഞ്ഞു. ഇക്കാര്യത്തെക്കുറിച്ചു പുറത്തു പറഞ്ഞാൽ കുട്ടിച്ചാത്തൻ ഉപദ്രവിക്കുമെന്നു പ്രഭാത് പറഞ്ഞെന്നും വധഭീഷണി മുഴക്കിയെന്നും പരാതിയിൽ പറയുന്നു. എന്നാൽ കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് വീട്ടമ്മ പരാതി നൽകുകയായിരുന്നു.
പൂജനടത്തിയിട്ടും ഗുണം ലഭിക്കാതെ നിരാശരായി എത്തുന്ന ഇരകളെ കൂടുതല്‍ പൂജകള്‍ നടത്താന്‍ പ്രേരിപ്പിച്ച് പീഡനത്തിന് ഇരയാക്കി. ചാത്തന്‍റെ കോപത്തില്‍ കുടുംബാംഗങ്ങളടക്കം മരിക്കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം. പണത്തിന് പുറമെ സ്ത്രീകളില്‍ നിന്ന് സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്തതായും പൊലീസിന് വിവരം ലഭിച്ചു. റിമാന്‍ഡിലായ പ്രതിയെ അടുത്ത ദിവസം കസ്റ്റഡിയിലെടുത്ത് വിശദമായ ചോദ്യം ചെയ്യാനൊരുങ്ങുകയാണ് പാലാരിവട്ടം പൊലീസ്.