ഉമ തോമസ് എംഎല്‍എ അപകടത്തില്‍പ്പെട്ട നൃത്ത പരിപാടിയുടെ സംഘാടകരായ മൃദംഗ വിഷന്‍ ഉടമ നിഗോഷ് കുമാറിന് ഇടക്കാല ജാമ്യം. ചൊവ്വാഴ്ച വരെയാണ് എറണാകുളം ജുഡീഷ്യല്‍ കോടതി ജാമ്യം അനുവദിച്ചത്. കേസിലെ മറ്റ് മൂന്ന് പ്രതികളുടെ ഇടക്കാല ജാമ്യവും ഏഴാം തീയതി വരെ നീട്ടി. വിഡിയോ റിപ്പോര്‍ട്ട് കാണാം.
ഉമ തോമസ് അപകടത്തില്‍പ്പെട്ട വേദിയുടെ നിര്‍മ്മാണത്തിലെയും സംഘാടകരുടെയും വീഴ്ചകള്‍ എണ്ണി പറഞ്ഞാണ് പൊലീസ് കോടതിയില്‍ റിമാന്‍ഡ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. താല്‍ക്കാലിക നിര്‍മ്മാണത്തിന് മുന്‍കൂര്‍ അനുമതി വേണമെന്ന വ്യവസ്ഥ ലംഘിച്ചു. സിമന്‍റ് കട്ടകളിലാണ് സ്റ്റേജ് ഉറപ്പിച്ചിരുന്നത്. സിമന്‍റ് കട്ട പൊടിഞ്ഞ് വേദി തകരാന്‍ സാധ്യത ഉണ്ടായിരുന്നു. വേദിയില്‍ നിന്ന് താഴേക്ക് വീണാല്‍ മരണം വരെ സംഭവിക്കാമെന്ന് അറിവുണ്ടായിട്ടും അത് അവഗണിച്ചെന്നും പൊലീസ് ചൂണ്ടിക്കാട്ടി.
പരിപാടിയുടെ സുഗമമായ നടത്തിപ്പിന് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടിരുന്നുവെന്ന പൊലീസ് റിപ്പോര്‍ട്ട് ഉയര്‍ത്തിക്കാട്ടിയായിരുന്നു പ്രതിഭാഗം വാദം. 62000 രൂപ പൊലീസില്‍ അടച്ചിരുന്നതായും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. നിഗോഷ് കുമാറിന് ഇടക്കാല ജാമ്യം അനുവദിച്ച കോടതി ജാമ്യാപേക്ഷയില്‍ ചൊവ്വാഴ്ച വിധി പറയും. നിഗോഷിന് പുറമെ നേരത്തെ ഇടക്കാല ജാമ്യം ലഭിച്ച ഷമീര്‍ അബ്ദുള്‍ റഹിം, കൃഷ്ണകുമാര്‍, ബെന്നി എന്നിവരുടെ മുന്‍കൂര്‍ ജാമ്യവും ചെവ്വാഴ്ച വരെ നീട്ടി.
ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് കീഴടങ്ങിയ മൃദംഗ വിഷന്‍ ഉടമ നിഗോഷ് കുമാറിനെ പാലാരിവട്ടം പൊലീസ് ഇന്നലെ രാത്രി അറസ്റ്റ് ചെയ്തിരുന്നു. ഏഴര മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിലെ മൂന്നാം പ്രതിയായ ഓസകര്‍ ഇവന്‍റസ് ഉടമ ജെനീഷിനോട് കോടതി കീഴടങ്ങാന്‍ നിര്‍ദേശിച്ചെങ്കിലും ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി മാറി നില്‍ക്കുകയാണ്.