ജീവനൊടുക്കിയ വയനാട് ഡിസിസി ട്രഷറർ എൻ. എം. വിജയന് രണ്ടു ബാങ്കുകളിലായി ഒരു കോടി രൂപയുടെ ബാധ്യതയെന്ന് പൊലീസ് കണ്ടെത്തൽ. 10 ബാങ്കുകളിലെങ്കിലും വിജയന് ഇടപാട് ഉണ്ടായിരുന്നുവെന്നും പ്രാഥമിക നിഗമനം. അതേ സമയം വായ്പ തിരിച്ചടയ്ക്കണമെന്ന് അർബൻ ബാങ്ക് മാനേജർ നേരത്തെ എൻ.എം.വിജയനോട് ആവശ്യപ്പെട്ടിരുന്നുവെന്ന് ഡിസിസി പ്രസിഡന്റ് എൻ.ഡി അപ്പച്ചൻ പറഞ്ഞു. വിഡിയോ റിപ്പോര്‍ട്ട് കാണാം.
എൻ. എം വിജയന്റെയും മകന്റെയും ആത്മഹത്യക്കു പിന്നിൽ വൻ സാമ്പത്തിക ബാധ്യതയാണെന്ന് പൊലീസിനു നേരത്തെ മൊഴി ലഭിച്ചിരുന്നു. അതേ പറ്റിയാണ് അന്വേഷണം തുടരുന്നത്. വിജയന്റെ ബാങ്ക് വിവരങ്ങൾ കൈമാറാൻ ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ബാങ്കുകൾക്ക് പൊലീസ് നോട്ടീസ് നൽകിയിരുന്നു. രണ്ടു ബാങ്കുകളിലായി വിജയന് ഒരു കോടി രൂപയുടെ ബാധ്യതയുണ്ടായിരുന്നെന്നും 10 ബാങ്കുകളിലെങ്കിലും വിജയന് ഇടപാട് ഉണ്ടായിരുന്നുവെന്നും പൊലീസ് കണ്ടെത്തി. 14 ബാങ്കുകളിൽ നിന്ന് പൊലീസ് വിവരം തേടിയിട്ടുണ്ട്. മറ്റ് ബാങ്കുകളിലെ വായ്പകൾ കണ്ടെത്താനും അന്വേഷണം തുടരുകയാണ്. സാമ്പത്തിക ബാധ്യതയുണ്ടായത് എങ്ങനെയെന്നും, ബാധ്യതയാണോ ആത്മഹത്യക്കു കാരണമെന്നും പൊലീസ് അന്വേഷിക്കും.
അതേ സമയം വിജയൻ വായ്പയെടുത്തിരുന്ന അർബൻ ബാങ്കിനോട് കടുത്ത നടപടികൾ എടുക്കരുതെന്ന് അഭ്യർത്ഥിച്ചിട്ടുണ്ടെന്നറിയിച്ചു ഡിസിസി പ്രസിഡന്റ് എൻ. ഡി അപ്പച്ചൻ രംഗത്തെത്തി. വായ്പ തിരിച്ചടയ്ക്കണമെന്ന് അർബൻ ബാങ്ക് മാനേജർ നേരത്തെ എൻ.എം. വിജയനോട് ആവശ്യപ്പെട്ടിരുന്നുവെന്ന് ഡിസിസി പ്രസിഡന്റ് എൻ. ഡി അപ്പച്ചൻ. എൻ. എം. വിജയന്‍റെ ആത്മഹത്യയിൽ കെപിസിസി അന്വേഷണം ഉടൻ തുടങ്ങുമെന്നും വിഷയത്തിൽ പാർട്ടിക്കുള്ളിൽ അസ്വാരസ്യമില്ലെന്നും ഡിസിസി പ്രസിഡണ്ട് പറഞ്ഞു