TOPICS COVERED

കൊല്ലം കൊട്ടാരക്കരയില്‍ പതിനൊന്നു വര്‍ഷം മുന്‍പ് കോൺഗ്രസ് പ്രകടനത്തിന് നേരെ ആക്രമണം നടത്തുകയും ഡിസിസി മുന്‍ അംഗത്തെ വധിക്കാന്‍ ശ്രമിക്കുകയും ചെയ്ത കേസില്‍ സിപിഎം നേതാക്കള്‍ ഉള്‍പ്പെടെ പതിനൊന്നു പ്രതികള്‍ക്ക് അഞ്ചുവര്‍ഷം തടവ്. കൊട്ടാരക്കര സിപിഎം മുന്‍ ഏരിയാ സെക്രട്ടറി എന്‍ ബേബി ഉള്‍പ്പെടെയുളളരാണ് പ്രതികള്‍. 

2013 ജൂലൈ പന്ത്രണ്ടിന് വൈകിട്ട് സോളര്‍ കേസുമായി ബന്ധപ്പെട്ട് കൊട്ടാരക്കരയില്‍ കോണ്‍ഗ്രസ് നടത്തിയ പ്രകടനത്തിനിടെയാണ് കൊലപാതകശ്രമം ഉണ്ടായത്. മുന്‍ ഡിസിസി അംഗം ദിനേശ് മംഗലശേരിയെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ കൊട്ടാരക്കര അഡീഷനല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. സിപിഎം കൊട്ടാരക്കര മുന്‍ ഏരിയാസെക്രട്ടറി കോട്ടാത്തല എന്‍ ബേബി, എല്‍ഡിഎഫ് ഭാരവാഹികളായ നിസാം, ശ്രീകുമാര്‍, ജയകുമാര്‍, അരുണ്‍, സന്തോഷ് ഉള്‍പ്പെടെ പതിനൊന്നു പ്രതികള്‍ക്ക് അഞ്ചുവര്‍ഷം തടവും ഇരുപത്തിഅയ്യായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. പ്രതികളില്‍ എട്ടുപേര്‍ സിപിഎം പ്രവര്‍ത്തകരും മറ്റുളളവര്‍ ഘടകകക്ഷി ഭാരവാഹികളുമാണ്. ആക്രമണത്തില്‍ ദിനേശിന്റെ തലയ്ക്ക് വെട്ടേല്‍ക്കുകയും ഇടതുകൈ ഒടിയുകയും ചെയ്തിരുന്നു.            

ചില കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ കൂറുമാറിയ കേസില്‍ ആക്രമണദൃശ്യങ്ങളും മെഡിക്കല്‍ റിപ്പോര്‍ട്ടുകളുമാണ് നിര്‍ണായക തെളിവായത്. നിലവില്‍ കൊട്ടാരക്കര സിപിഎം ഏരിയ കമ്മിറ്റി അംഗമാണ് എന്‍ ബേബി. കനത്ത പൊലീസ് വലയത്തിലാണ് പ്രതികളെ കോടതിയില്‍ എത്തിച്ചതും തിരികെ ജയിലിലേക്ക് കൊണ്ടുപോയതും. 

ENGLISH SUMMARY:

Attack on Congress leaders; Five years imprisonment for 11 accused